കാംപസ് അക്രമങ്ങള്‍ എന്തുകൊണ്ട്?

വിളയോടി ശിവന്‍കുട്ടി
എറണാകുളം മഹാരാജാസ് കോളജില്‍ വിദ്യാര്‍ഥി സംഘട്ടനത്തിനിടയില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യു കുത്തേറ്റു മരിച്ചത് തികച്ചും യാദൃച്ഛികമാണ്, എന്നാല്‍ ദുരൂഹവുമാണ്. അഭിമന്യുവിനെ സ്വദേശമായ വട്ടവടയില്‍ നിന്നു വിളിച്ചുവരുത്തിയതാരാണ്? എന്താണ് അവിടെ സംഭവിച്ചത്? സിസിടിവി ദൃശ്യങ്ങള്‍ എന്താണ്? ഇതൊന്നും പരിശോധിക്കാതെത്തന്നെ എസ്ഡിപിഐ-കാംപസ് ഫ്രണ്ട്-പോപുലര്‍ ഫ്രണ്ടുകാരാണ് പ്രതികളെന്നും അവര്‍ ഭീകരവാദികളാണെന്നും രക്തദാഹികളാണെന്നും പോലിസും മാധ്യമങ്ങളും മുന്‍വിധിയോടുകൂടി പ്രസ്താവിച്ചിരിക്കുന്നു. ഇത് ജനാധിപത്യത്തിന്റെ മങ്ങിയ കാഴ്ചപ്പാടാണ്.
ദലിതനായ അഭിമന്യുവിനെ കൊലക്കത്തിയുടെ മുനയിലേക്ക് എറിഞ്ഞുകൊടുത്തത് യഥാര്‍ഥത്തില്‍ സിപിഎം തന്നെയാണ്. ക്ഷുഭിതയൗവനങ്ങളുടെ സാഹസികതയെ കക്ഷിരാഷ്ട്രീയ പകിടകളിയില്‍ വാതുവയ്ക്കുകയാണ് അവര്‍ ചെയ്തത്. സിപിഎം-ബിജെപി കുടിപ്പകയില്‍ പൊലിഞ്ഞത് എത്ര മനുഷ്യജീവനുകളാണ്! ടി പി ചന്ദ്രശേഖരനെ വധിക്കാന്‍ ഇവര്‍ 51 വെട്ടാണ് വെട്ടിയത്. ഈ കൊലപാതക സദാചാരികളാണ് അഭിമന്യു വധത്തില്‍ ആക്രോശിക്കുന്നത്. ഒറ്റക്കുത്തിന് അഭിമന്യു കൊല്ലപ്പെട്ടതിനെ പ്രൊഫഷനല്‍ കൊലയായും ഭീകരതയായും നിറം പിടിപ്പിച്ച നുണകള്‍ യഥാവിധി തട്ടിവിടുന്നു.
ഒരു സംഭവം നടന്നാല്‍ വസ്തുതകളില്‍ നിന്നു സത്യം കണ്ടെത്തുന്നതിനു പകരം ആത്മനിഷ്ഠതയില്‍ അഭിരമിച്ച് വസ്തുനിഷ്ഠതയെ തമസ്‌കരിക്കുകയാണ് ഇവരുടെയെല്ലാം പതിവുരീതി. അതുകൊണ്ടുതന്നെ കാംപസ് കൊലയെ പര്‍വതീകരിച്ചുകൊണ്ട് പരമാവധി മുതലെടുക്കുകയാണ് സിപിഎമ്മും ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും. ഇരയ്ക്ക് നീതി കിട്ടുക എന്നത് ഇവിടെ അപ്രസക്തമാണ്. ചാനല്‍ ചര്‍ച്ചകളില്‍ അന്തിച്ചിലപ്പുകാരാവുന്നവരുടെ സ്വരം ഇതില്‍ നിന്ന് ഒട്ടും ഭിന്നമല്ല. എസ്ഡിപിഐ, കാംപസ് ഫ്രണ്ട്, പോപുലര്‍ ഫ്രണ്ട് സംഘടനകള്‍ ഒരമ്മ പെറ്റ മക്കളാണെന്നും ഭീകരതയാണ് ഇവരുടെ പ്രത്യയശാസ്ത്രമെന്നും ഇസ്‌ലാമിക രാഷ്ട്രമാണ് ലക്ഷ്യമെന്നും നാവുചുഴറ്റുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. നവസാമൂഹിക-രാഷ്ട്രീയ പ്രസ്ഥാനങ്ങളെ ഇവര്‍ക്ക് വെറുപ്പാണ്. എങ്കിലും സത്യത്തെ സത്യമായും അസത്യത്തെ അസത്യമായും തിരിച്ചറിയണം.
പ്രതികള്‍ പാര്‍ക്കുന്നത് സത്യസരണി പോലുള്ള സാംസ്‌കാരിക കേന്ദ്രങ്ങളിലും എസ്ഡിപിഐ ഓഫിസുകളിലുമാണെന്ന് കള്ളം പ്രചരിപ്പിച്ച് പോലിസ് റെയ്ഡ് തുടരുകയാണ്. മേല്‍പറഞ്ഞ സംഘടനകളുടെയും നേതാക്കളുടെയും മാത്രമല്ല, വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ഫ്രറ്റേണിറ്റി പ്രവര്‍ത്തകരുടെയും വീടുകളും പരിശോധിക്കാന്‍ ഇവര്‍ മറന്നില്ല. പോലിസ് ഭീകരത നിറഞ്ഞാടുമ്പോള്‍ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ അതിനെ വാഴ്ത്തുകയാണ്. ഇടതു-വലതു മുന്നണികളും ബിജെപിയും അവരുടെ എച്ചില്‍ക്കൂട്ടങ്ങളും ഇതില്‍ അര്‍മാദിക്കുകയാണ്. ഇതിലെ പ്രതികളുടെ പേരിലെല്ലാം യുഎപിഎ ചാര്‍ത്തി കേസെടുക്കാനാണ് ഉന്നത പോലിസ് യജമാനന്‍മാരുടെ അണിയറനീക്കം. അതിനുള്ള തിരക്കിട്ട ശ്രമങ്ങള്‍ക്കിടയിലാണ് സ്വന്തം അനുഭവം സിപിഎം ഓര്‍മിച്ചെടുത്തത്. അതുകൊണ്ടാവാം താല്‍ക്കാലികമായി തീക്കൊള്ളി കൊണ്ട് തല ചൊറിയാതെ അതില്‍ നിന്നു പിന്‍മാറിയതെന്ന് നമുക്ക് വായിച്ചെടുക്കാം.
1970കളില്‍ കേരളത്തില്‍ നക്‌സലൈറ്റുകള്‍ വിരലിലെണ്ണാവുന്ന ഉന്മൂലനങ്ങള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. ജന്മിത്വത്തെ ഇല്ലാതാക്കാന്‍ ദുഷ്ടരായ ചില നാട്ടുപ്രമാണിമാരെ അവര്‍ വകവരുത്തിയതല്ലാതെ അനാവശ്യമായി ആരെയും വധിച്ചിട്ടില്ല. എന്നാല്‍, അവര്‍ക്ക് ഭീകരപരിവേഷം ചാര്‍ത്തിക്കൊടുത്ത സിപിഎമ്മിന് ഇന്നും അവര്‍ തലവെട്ട് പാര്‍ട്ടിയാണ്. അണികളെ അങ്ങനെത്തന്നെ പറഞ്ഞു പഠിപ്പിക്കുന്നുമുണ്ട്. സിപിഎം സങ്കുചിത കക്ഷിരാഷ്ട്രീയ താല്‍പര്യാര്‍ഥം നിരപരാധികളുടെ ചോരയൊഴുക്കുകയും ഒരുളുപ്പുമില്ലാതെ അതിനെ ന്യായീകരിക്കുകയും ചെയ്യുന്നു. ഈ കൊലവെറിയുടെ കാംപസ് പരിച്ഛേദമാണ് അഭിമന്യു വധം.
പ്രത്യയശാസ്ത്രപരമായി കലാലയങ്ങളെ അക്കാദമിക അഗ്രഹാരങ്ങളാക്കുന്ന എസ്എഫ്‌ഐയുടെ തന്നെ കാംപസ് ഫാഷിസത്തിന്റെ ഇരയാണ് അഭിമന്യു. ബ്രാഹ്മണിസത്തിനെതിരായ പ്രവര്‍ത്തനങ്ങളാണ് ഇന്നു കലാലയങ്ങള്‍ ആവശ്യപ്പെടുന്നത്. കാംപസ് ഫ്രണ്ട് പോലുള്ള വിദ്യാര്‍ഥി പ്രസ്ഥാനം അതിന്റെ മുന്നണിപ്പോരാളിയായി മാറിയെന്നതാണ് എസ്എഫ്‌ഐ പോലുള്ള വ്യവസ്ഥാപിത പ്രസ്ഥാനങ്ങളെ ചൊടിപ്പിക്കുന്നത്. സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളെ മുസ്‌ലിം തീവ്രവാദം ആരോപിച്ച് വേട്ടയാടാനും അടിച്ചമര്‍ത്താനും നിരോധിക്കാനും ശ്രമിക്കുന്നത് ഇതിന്റെ ഭാഗമാണ്.
അതിനു വേണ്ടി ഡോ. ഹാദിയ വിഷയത്തെയും അഞ്ജലി സംഭവത്തെയും ഹൈക്കോടതി മാര്‍ച്ചിനെയും പത്രസമ്മേളനത്തിലെ അറസ്റ്റ് നാടകത്തെയും ഇവര്‍ ഉയര്‍ത്തിക്കാട്ടുന്നു. പ്രഫ. ജോസഫിന്റെ കൈവെട്ടു സംഭവത്തെ അവതരിപ്പിക്കുന്നു. ഇവിടെ സിപിഎം-ബിജെപി-ലീഗ്-കോണ്‍ഗ്രസ് കൊലപാതക പരമ്പരകളെ ഇവര്‍ ഐക്യത്തോടെ ആദരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ 'അമ്മായിയമ്മ ഉടച്ചാല്‍ മണ്‍കലം, മരുമകള്‍ ഉടച്ചാല്‍ അത് പൊന്‍കലം' എന്നതാണ് അതിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്രം.
ഇന്ത്യയില്‍ ബഹുസ്വരതയെ കുഴിച്ചുമൂടാന്‍ ബ്രാഹ്മണാധികാരവാഴ്ചയ്ക്ക് ചൂട്ടുപിടിച്ച് സംഘപരിവാരത്തിന്റെ മെതിയടിയില്‍ നടക്കാനാണ് സിപിഎം ശ്രമിക്കുന്നത്. രാമായണ മാസാചരണവും യോഗാഭ്യാസവും ശ്രീകൃഷ്ണ ജയന്തിയും ഇനി പോളിറ്റ്ബ്യൂറോ ഏറ്റെടുക്കാന്‍ ഏറെ കാത്തിരിക്കേണ്ടതില്ല. അവര്‍ക്ക് ഇന്നും മുഖ്യശത്രു ആരാണെന്നു നിര്‍ണയിക്കാന്‍ സാധിച്ചിട്ടില്ല. മുസ്‌ലിം സംഘടനകളെ പഴിചാരുകയാണ് ബദല്‍ മാര്‍ഗം. ഇതിനെതിരേ നിലപാടുള്ളവരെയെല്ലാം ഐഎസിലേക്കാണ് വലിച്ചുകെട്ടുന്നത്. പോലിസിനെ കൂലിഗുണ്ടകളാക്കിക്കൊണ്ട് അത് സ്ഥാപിച്ചെടുക്കാന്‍ ഭഗീരഥ പ്രയത്‌നത്തിലാണ് ബിജെപിക്കൊപ്പം സിപിഎം. സംഘപരിവാര ഫാഷിസം രാജ്യത്തെ അരക്ഷിതമാക്കി മാറ്റുമ്പോള്‍ സിപിഎം അവരുടെ വാലാട്ടികളായി ക്രിമിനല്‍ സംഘങ്ങളെ പരിശീലിപ്പിക്കുകയാണ്. നാടാകെ ആള്‍ക്കൂട്ട കൊലകളും ദലിത്-ആദിവാസി-മുസ്‌ലിം തല്ലിക്കൊലകളും നടക്കുമ്പോള്‍ വര്‍ധിതവീര്യത്തോടെ ഒപ്പമുണ്ടെന്നാണ് ഇടതുപക്ഷത്തിന്റെ വീരവാദം.
മനുഷ്യാവകാശ പ്രവര്‍ത്തകരെയും എഴുത്തുകാരെയും ചിന്തകരെയും ചിത്രകാരന്‍മാരെയും സംഘപരിവാരം വേട്ടയ്ക്ക് ഇരയാക്കുന്നു. കശ്മീരിലടക്കം ഗവര്‍ണര്‍ ഭരണവും സൈനിക നടപടിയും ബിജെപി പുനഃസ്ഥാപിക്കുന്നു. ദേശസുരക്ഷയുടെ മറവില്‍ മുസ്‌ലിം യുവാക്കളെ അറുകൊല ചെയ്യുന്നു. ഇസ്രായേലിന്റെ മര്‍ദനമുറകളും തടങ്കല്‍പ്പാളയങ്ങളും ഇന്ത്യയില്‍ പരീക്ഷിക്കപ്പെടുന്നു. കഠ്‌വ പെണ്‍കുട്ടിയുടെ ദാരുണമായ കൊലപാതകത്തില്‍ ആഹ്ലാദിക്കുന്നു. തൂത്തുക്കുടിയില്‍ വേദാന്ത ചുട്ടുതിന്ന മനുഷ്യജീവനുകളോട് ഉത്തരം പറയാതെ നരഭോജിയായ സ്‌റ്റെര്‍ലൈറ്റ് കമ്പനിയുടെ അപദാനങ്ങള്‍ വാഴ്ത്തുന്നു. ഭോപാല്‍, മാല്‍ക്കന്‍ഗിരി, ഗഡ്ചിറോളി, നിലമ്പൂരിലെ കരുളായിയിലടക്കം സവര്‍ണ ബ്രാഹ്മണ-കോര്‍പറേറ്റ് മൂലധന ശക്തികള്‍ക്കു വേണ്ടി സൈനിക ഭീകരതയെയും കൂട്ടക്കൊലകളെയും ന്യായീകരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരും ബിജെപി സര്‍ക്കാരും ഭരണകൂട ഭീകരതയുടെ കാവലാളുകളാണ്.
കോട്ടയത്തെ വധിക്കപ്പെട്ട കെവിന്‍ സിപിഎമ്മിന്റെ ജാതിവെറിയുടെ ഇരയാണ്. വരാപ്പുഴയിലെ ശ്രീജിത്തിനെ ലോക്കപ്പില്‍ കൊലപ്പെടുത്താന്‍ പോലിസില്‍ ചരടുവലിച്ചതും അവര്‍ തന്നെ. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതില്‍ പ്രധാന പ്രതികളായി പോലിസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. എന്നാല്‍, കേസില്‍ നിന്ന് ഊരിപ്പോരാന്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടായിരുന്നു.
ഒരു ആദിവാസി കൊലപാതകത്തിലെ നിലപാട് ഇതാണെങ്കില്‍ ഫോട്ടോഗ്രാഫര്‍ ബെന്നി വെടിയേറ്റു മരിച്ചിട്ട് വര്‍ഷം മൂന്നു കഴിഞ്ഞു. അതിന്റെ ഉത്തരവാദിത്തം മാവോവാദികളുടെ തലയില്‍ കെട്ടിവച്ച് അന്വേഷണം മരവിപ്പിച്ചു. ഇവിടെ കൊലപാതകത്തിനു കുട ചൂടുന്നവരാണ് അഭിമന്യു വധത്തെ പര്‍വതീകരിക്കുന്നത്. സംഘപരിവാര അജണ്ടയുടെ ചൂരാണ് ഇതിലുള്ളത്. വര്‍ക്കലയില്‍ ഉണ്ടായ ഒരു കൊലപാതകത്തിന്റെ മറപിടിച്ച് ഡിഎച്ച്ആര്‍എമ്മിനെ വേട്ടയാടിയത് അടുത്ത കാലത്താണ്. ഇതിലെല്ലാം ദലിത്-മുസ്‌ലിംകളെ ടാര്‍ഗറ്റ് ചെയ്യുന്നുണ്ട്. മോദിക്കൂട്ടങ്ങളും പിണറായിഭക്തന്‍മാരും കുറ്റവും ശിക്ഷയും നടപ്പാക്കാനുള്ള അധികാരം പോലിസിനു നല്‍കിയിരിക്കുന്നു.
അഴീക്കോടന്‍ രാഘവന്‍ വധിക്കപ്പെട്ട സംഭവത്തിലെ സിപിഎം-കോണ്‍ഗ്രസ് ഗൂഢാലോചനയെ മറച്ചുവച്ച് മാവോവാദികളുടെ മേല്‍ കുറ്റം ആരോപിച്ച് വ്യാപകമായി അവരെ വേട്ടയാടിയതിനു കേരളം സാക്ഷിയാണ്. ദലിത് വിദ്യാര്‍ഥിയായ രോഹിത് വെമുല ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്യാനുള്ള കാരണം കാംപസ് ബ്രാഹ്മണ്യമാണ്. മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ അതിക്രമത്തെ ചെറുത്ത സംഘടനകളെ അവസരോചിതം ഒറ്റിക്കൊടുക്കാന്‍ ബിജെപിക്കൊപ്പം സിപിഎം-മുസ്‌ലിംലീഗ്-കോണ്‍ഗ്രസ്-പി സി ജോര്‍ജ് സംഘങ്ങളുമുണ്ട്. സംഘപരിവാരത്തിന്റെ പ്രീതി പിടിച്ചുപറ്റാനുള്ള എളുപ്പമാര്‍ഗം മുസ്‌ലിംവിരുദ്ധതയാണെന്ന് എല്ലാവര്‍ക്കും അറിയാം.
പ്രഫ. ജോസഫിന്റെ കൈവെട്ട് സംഭവത്തില്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി പറഞ്ഞത്, ചോദ്യക്കടലാസില്‍ വേണ്ടത്ര അവധാനത പുലര്‍ത്താതെപോയതാണ് പ്രശ്‌നത്തിലേക്കു വഴിവച്ചതെന്നാണ്. കൂത്തുപറമ്പില്‍ നടന്ന വെടിവയ്പ് സംഭവത്തില്‍ അഞ്ചു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മന്ത്രി എം വി രാഘവനെ ആക്രമിക്കാന്‍ പദ്ധതിയിട്ട ഡിവൈഎഫ്‌ഐയിലെ യുവാക്കള്‍ക്കാണ് പോലിസ് വെടിയേറ്റത്. എംവിആറിനോടുള്ള വിരോധത്താല്‍ പാപ്പിനിശ്ശേരി പാമ്പുവളര്‍ത്തുകേന്ദ്രത്തിനു തീയിട്ട് മിണ്ടാപ്രാണികളെ ചുട്ടെരിച്ചു. 'അങ്ങാടിയില്‍ തോറ്റതിന് അമ്മയോട്' എന്ന ന്യായം. ഇതില്‍ സിപിഎമ്മിന്റെ രക്ഷയ്ക്ക് ന്യായീകരണ പ്രസ്താവനയുമായി രംഗത്തുവന്നത് പ്രഫ. എം എന്‍ വിജയന്‍ മാഷായിരുന്നു. ഒടുവില്‍ അവസാനകാലത്ത് പാര്‍ട്ടി അദ്ദേഹത്തിന്റെ ഒറ്റപ്പെടുത്തിയതും ചരിത്രം.
ജനങ്ങളെ വരിയുടയ്ക്കുകയും ജനകീയ സമരങ്ങളെ ചോരയില്‍ മുക്കുകയും ചെയ്തുകൊണ്ട് ഭരണമുന്നേറ്റം നടത്തുമ്പോള്‍, ദലിത്-മുസ്‌ലിം സംഘടനകള്‍ ഇതിനെതിരേ പ്രതിരോധം തീര്‍ക്കുന്നതാണ് സര്‍ക്കാര്‍വിരുദ്ധതയും ദേശവിരുദ്ധതയുമായി ചിത്രീകരിക്കപ്പെടുന്നത്. ഇടത്തോട്ട് ലൈറ്റ് തെളിച്ച് വലത്തോട്ട് ഓടിക്കുന്ന വണ്ടിയാണ് സിപിഎമ്മിന്റെ ഭരണവും സമരവും. തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായ, ദലിത്-പിന്നാക്ക-മതന്യൂനപക്ഷ ഐക്യത്തിന്റെ ചാലകശക്തിയായ നേതൃത്വത്തെ ഇസ്‌ലാമിക ഭീകരതയായി അവതരിപ്പിക്കുന്നു. ബ്രാഹ്മണിസമാണ് മര്‍ദിതരുടെയും ചൂഷിതരുടെയും മുഖ്യ ശത്രു.
പോലിസിനെ നിയമത്തിന്റെ പരിധിയില്‍ നിര്‍ത്താതെ പോലിസ് സ്‌റ്റേഷനുകളെ  സിപിഎം പാര്‍ട്ടി ഓഫിസാക്കിയിരിക്കുകയാണ്. ഇരുട്ടിന്റെ മറവില്‍ അസമയത്തുപോലും മുസ്‌ലിംവീടുകളില്‍ പോലിസ്‌വണ്ടികള്‍ ഇരച്ചെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. അഭിമന്യു വധത്തിലെ പ്രതികളെ പോലിസ് പിടികൂടി നിയമത്തിനു മുന്നിലെത്തിക്കണം. അല്ലാതെ പോലിസ്‌രാജ് നടപ്പാക്കാന്‍ ഒത്താശ ചെയ്യുകയല്ല സര്‍ക്കാര്‍ ചെയ്യേണ്ടത്.
നമ്മുടെ കാംപസുകളില്‍ കുറേ കാലമായി കുത്തും കൊലയും പിച്ചാത്തിരാഷ്ട്രീയവും അരങ്ങുവാഴുകയാണ്. അതിന് ഇതോടെ അന്ത്യമാവണം. എസ്എഫ്‌ഐയും കാംപസ് ഫ്രണ്ടും സിപിഎമ്മും എസ്ഡിപിഐയും അതിനു മനസ്സു കാണിക്കണം. ജനങ്ങള്‍ ഒപ്പമുണ്ടാകും. നൂറു പൂക്കള്‍ വിരിയുന്ന, ഒരായിരം ചിന്താസരണികള്‍ ഏറ്റുമുട്ടുന്ന ബഹുസ്വരതയുടെ സമുച്ചയമായിരിക്കണം കാംപസ്. ആ ഇടങ്ങളെ ആരുടെയെങ്കിലും സ്വകാര്യ സ്വത്താക്കി മാറ്റുന്ന ഏകാധിപത്യ പ്രവണതയെ, ജനാധിപത്യവിരുദ്ധതയെ മനുഷ്യാവകാശത്തിന്റെ ഇച്ഛാശക്തി കൊണ്ട് പ്രതിരോധിക്കണം.                        ി

(എന്‍സിഎച്ച്ആര്‍ഒ കേരള സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റാണ് ലേഖകന്‍)

RELATED STORIES

Share it
Top