കാംപസുകളിലെ ഇടിമുറികള്‍

എനിക്ക് തോന്നുന്നത് - ഇര്‍ഷാദ് മൊറയൂര്‍, മലപ്പുറം

സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം എന്ന് കൊടിയില്‍ എഴുതി കേരളക്കരയിലെ പല കാംപസുകളും ചെകുത്താന്‍കോട്ടകളാക്കുന്ന എസ്എഫ്‌ഐയെ തോല്‍പിക്കാന്‍ മറ്റു വിദ്യാര്‍ഥിസംഘടനകള്‍ തന്നെ മുന്നിട്ടിറങ്ങുന്നത് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. എന്നാല്‍, പല സംഘടനകള്‍ക്കും എസ്എഫ്‌ഐയുടെ അക്രമം മനസ്സിലാക്കാന്‍ സ്വന്തം പ്രവര്‍ത്തകര്‍ അക്രമത്തിനിരയാവേണ്ടിവരുന്നു.
കേരളത്തില്‍ വിദ്യാര്‍ഥിസംഘടനയെന്ന നിലയ്ക്ക് ക്രിമിനല്‍പ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത അപ്രമാദിത്യമാണ് എസ്എഫ്‌ഐക്കുള്ളത്. അവര്‍ വിദ്യാര്‍ഥികളെ ഭയപ്പെടുത്തിയും ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കീഴ്‌പ്പെടുത്തുന്നു. ഒരുവശത്ത് റാഗിങ്, മദ്യം, മയക്കുമരുന്ന് എന്നിവയ്ക്ക് പ്രോല്‍സാഹനം നല്‍കുന്നതും അവര്‍ തന്നെ; മറുവശത്ത് കാംപസുകളിലെ ഇതര ശബ്ദങ്ങളെ അടിച്ചൊതുക്കാനും ശ്രമിക്കുന്നു. കുറച്ചു ദിവസം മുമ്പ് കോട്ടയം കുറവിലങ്ങാട് ദേവമാതാ കോളജില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനെ നടുറോഡിലിട്ടു ക്രൂരമായി ആക്രമിക്കുന്നതു നാം കണ്ടു. കോളജ് തിരഞ്ഞെടുപ്പുകള്‍ക്കു ശേഷം ഇടുക്കി അല്‍ അസ്ഹര്‍ കോളജില്‍ എസ്എഫ്‌ഐ വിരുദ്ധ മുന്നണിക്ക് നേതൃത്വം നല്‍കിയ കാംപസ് ഫ്രണ്ട് പ്രവര്‍ത്തകരെ അവര്‍ ആക്രമിച്ചു. പക്ഷേ, പോലിസ് അക്രമം നയിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ സംരക്ഷിച്ച്, അക്രമത്തിനിരയായവരെ പ്രതിചേര്‍ത്ത് കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയാണുണ്ടായത്. സത്യം മനസ്സിലാക്കിയ മജിസ്‌ട്രേറ്റ് പോലിസിനെ ശക്തമായി വിമര്‍ശിച്ച് ജാമ്യം നല്‍കിയതുകൊണ്ടുമാത്രം കാര്യങ്ങളവിടെ തീര്‍ന്നു. അരുവിത്തുറ സെന്റ് ജോര്‍ജ് കോളജിലും ആലപ്പുഴ എടത്വ കോളജിലും അവര്‍ അക്രമം നടത്തി. എസ്എഫ്‌ഐക്കെതിരേ മല്‍സരിച്ചതിന് കോട്ടയം സിഎംഎസ് കോളജില്‍ സഖ്യകക്ഷി എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. സിപിഐയുടെ വിദ്യാര്‍ഥിസംഘടനയ്ക്കുപോലും കേരളത്തിലെ കാംപസുകളില്‍ എസ്എഫ്‌ഐക്കാരില്‍ നിന്നു തല്ലുകിട്ടും.
മടപ്പള്ളി ഗവണ്‍മെന്റ് കോളജിലും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലും ഒക്കെ എസ്എഫ്‌ഐയുടെ ക്രൂരതയ്ക്ക് ഇരയായവര്‍ നിരവധിയാണ്. ഒരു വിദ്യാര്‍ഥിസംഘടനയുടെ അക്രമം മൂലം ഏതെങ്കിലും വിദ്യാര്‍ഥിക്ക് പഠനം നിര്‍ത്തേണ്ടിവന്നിട്ടുണ്ടെങ്കില്‍ അത് എസ്എഫ്‌ഐയെകൊണ്ടു മാത്രമാണ്. അധ്യാപകര്‍ക്ക് റീത്ത് വയ്ക്കുക, പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുക തുടങ്ങി എസ്എഫ്‌ഐയുടെ ചെയ്തികള്‍ അങ്ങനെ തീരുന്നതല്ല. ഇടതു ഫാഷിസത്തിന്റെ മറ്റൊരു പതിപ്പാവുകയാണ് കേരളത്തില്‍ സിപിഎമ്മും അതിന്റെ പോഷകസംഘടനകളും എന്നു തെളിയിക്കുന്നതാണ് സമീപകാല സംഭവങ്ങള്‍.
കേരളത്തില്‍ പ്രമാദമായ പല റാഗിങ് കേസുകളിലും പ്രതിസ്ഥാനത്തുള്ളത് എസ്എഫ്‌ഐയാണ്. എസ്എഫ്‌ഐക്ക് സ്വാധീനമുള്ള കാംപസുകളില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷവും നിരവധിപേര്‍ ഹോസ്റ്റലുകളില്‍ തങ്ങുന്നത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാനാണ്. തിരുവനന്തപുരം സിഇടിയില്‍ വിദ്യാര്‍ഥിനിയുടെ ദാരുണ മരണത്തിന് കാരണമായ കലാപസമാനമായ ഓണാഘോഷം സംഘടിപ്പിച്ചതും എസ്എഫ്‌ഐ പ്രവര്‍ത്തകരാണ്. തിരുവനന്തപുരത്ത് തന്നെ യൂനിവേഴ്‌സിറ്റി കോളജില്‍ എസ്എഫ്‌ഐ പീഡനം സഹിക്കവയ്യാതെ പെണ്‍കുട്ടികള്‍ക്ക് വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ തുറന്നുപറയേണ്ടിവന്നു.
പ്രതിരോധിച്ച ചില സ്ഥലങ്ങളിലെങ്കിലും എസ്എഫ്‌ഐ മാറിച്ചിന്തിക്കാന്‍ ഇടയായിട്ടുണ്ട്. കൊടിനിറം മാറ്റിവച്ച് ഈ അക്രമങ്ങള്‍ക്കെതിരേ ഒന്നിച്ചുനിന്നു ശബ്ദിക്കാന്‍ ഇനിയെങ്കിലും വിദ്യാര്‍ഥിസംഘടനകള്‍ തയ്യാറാവണം. പേശീബലത്തില്‍ വിശ്വസിക്കുന്ന കുട്ടിസഖാക്കളെ നിലയ്ക്കുനിര്‍ത്താനും ജനാധിപത്യം പുനസ്ഥാപിക്കാനും ആര്‍ജവമുള്ള പ്രവര്‍ത്തകരെ സജ്ജമാക്കാന്‍ തന്നെയാണ് വിദ്യാര്‍ഥിസംഘടനകള്‍ ശ്രമിക്കേണ്ടത്.

RELATED STORIES

Share it
Top