കസ്റ്റഡി മര്‍ദനം അനേ്വഷിക്കണം:മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: കള്ളനാണെന്ന് സംശയിച്ച് നിരപരാധിയെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സംഭവം ജില്ലാ പോലിസ് മേധാവി അനേ്വഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടി കാത്തുനിന്ന തൃശൂര്‍ തലപ്പിള്ളി വെന്നൂര്‍ കുന്നത്ത് സജീഷിനെ ചെറുതുരുത്തി പോലിസ് ആളുമാറി അറസ്റ്റ് ചെയ്ത് മര്‍ദിച്ച സംഭവത്തിലാണ് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാറിന്റെ ഉത്തരവ്. കഴിഞ്ഞ മേയ് 9 നായിരുന്നു സംഭവം.  രാവിലെ എട്ടരക്ക് ഷൊര്‍ണൂര്‍ റയില്‍വേ സ്റ്റേഷനില്‍ നിന്നാണ് സജീഷിനെ പിടിച്ചത്.  പേരും മേല്‍വിലാസവും പറഞ്ഞെങ്കിലും ചെറുതുരുത്തി സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിച്ചു. ശാരീരികയും മാനസികവുമായി തളര്‍ന്ന പരാതിക്കാരന്‍ ചേലക്കര ആശുപത്രിയില്‍ ചികിത്സ തേടി.  തുടര്‍ന്നാണ് പോലിസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന്‍ ചെറുതുരുത്തി സ്റ്റേഷന്‍ ഹൗസ് ഓഫിസറില്‍ നിന്നും റിപോര്‍ട്ട് വാങ്ങി.  വിവിധ മോഷണ കേസുകളില്‍ പ്രതിയായ ചാക്കോ സ്ഥലത്തുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലിസുകാര്‍ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്.  ചാക്കോയോട് സാദൃശ്യമുണ്ടെന്ന് തോന്നിയപ്പോഴാണ് സജീഷിനെ പിടിച്ചത്. ചോദ്യം ചെയ്തപ്പോള്‍ അപാകത തോന്നി. സജീഷിന്റെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നും ഇരുമ്പ് ആണികളും ഉളിയും കണ്ടപ്പോള്‍ സംശയം ബലപ്പെട്ടതായും പോലിസ് കമ്മീഷനെ അറിയിച്ചു. പരാതിക്കാരനെ ആളുമാറി കസ്റ്റഡിയിലെടുത്തതായി പോലിസ് സമ്മതിക്കുന്നുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടികാണിച്ചു.  ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ വിലാസം നല്‍കിയിട്ടും നിജസ്ഥിതി മനസിലാക്കാതെ മര്‍ദ്ദിച്ചത് ഗൗരവകരമായ കാര്യമാണ്.  കാര്യങ്ങള്‍ ശരിയായി വിലയിരുത്താതെ ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നതിനെ കുറിച്ച് പോലിസിനെതിരെ വ്യാപക പരാതിയുണ്ടെന്ന് കെ മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു.  വിശ്വസനീയവും യുക്തിസഹവുമായ പശ്ചാത്തലത്തിലായിരിക്കണം പ്രതിയാണോ എന്ന് സംശയിക്കുന്ന വ്യക്തിയെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കേണ്ടതെന്ന് ഉത്തരവില്‍ പറഞ്ഞു.  കസ്റ്റഡിയിലെടുക്കുന്ന വ്യക്തിയുടെ മനുഷ്യാവകാശം സംരക്ഷിക്കണം.  പോലിസ് റിപ്പോര്‍ട്ടില്‍ പരാതിക്കാരനോടോ ആരോപണവിധേയരായ പോലിസുകാരോടോ അനേ്വഷണം നടത്തിയതിന് തെളിവില്ലെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.

RELATED STORIES

Share it
Top