കസ്റ്റഡി മരണം: കര്‍ശന നിര്‍ദേശവുമായി ഡിജിപി

തിരുവനന്തപുരം: ലോക്കപ്പുള്ള എല്ലാ പോലിസ് സ്‌റ്റേഷനിലും സിസിടിവി കാമറകള്‍ നിര്‍ബന്ധമാക്കി. രണ്ട് ദിവസത്തിനുള്ളില്‍ കാമറകള്‍ സ്ഥാപിക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പോലിസ് ഉദ്യോഗസ്ഥര്‍ പ്രതിക്കൂട്ടിലായത് പോലിസിന് നാണക്കേടായ സാഹചര്യത്തിലാണ് നടപടി.
കേരളത്തിലെ 471 സ്‌റ്റേഷനുകളിലാണ് കാമറകള്‍ സ്ഥാപിക്കുക. കാമറകള്‍ പോലിസ് സ്‌റ്റേഷനിലെ കംപ്യൂട്ടറുമായി ബന്ധിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്. കസ്റ്റഡി മരണത്തോടെ മുഖം നഷ്ടപ്പെട്ട കേരളാ പോലിസിന്റെ മുഖം മിനുക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞരാത്രി 11ന് 8 ഡിവൈഎസ്പിമാരെ സ്ഥലംമാറ്റി ഉത്തരവിറക്കിയിരുന്നു.
19 സിഐമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി ഡിവൈഎസ്പിമാരാക്കിയിട്ടുണ്ട്. ഇന്നലെയും ഇന്നും പൊതു അവധിയായതിനാല്‍ ഇടപെടലുകള്‍ക്ക് അവസരം കൊടുക്കാതെയായിരുന്നു സ്ഥലമാറ്റ ഉത്തരവ് ഇറക്കിയത്. അടിയന്തര നടപടി എന്നപേരിലാണ് അഴിച്ചുപണി നടത്തിയത്.  ഇനിയും ചില സ്ഥലംമാറ്റ ഉത്തരവ് ഉടനുണ്ടാവുമെന്നും സൂചനയുണ്ട്. പ്രതിച്ഛായയുള്ള ഉദ്യോഗസ്ഥരെ ക്രമസമാധാന രംഗത്തേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ആദ്യപടിയായാണ് പെട്ടെന്നുള്ള ഉത്തരവിന് പിന്നില്‍.
വിജിലന്‍സ് കേസുള്ളതും അച്ചടക്ക നടപടി നേരിടുന്നവരുമായ 10 സിഐമാരുടെ സ്ഥലംമാറ്റം തല്‍ക്കാലം തടഞ്ഞു. ഇതില്‍ വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായ ക്രിസ്പിന്‍ സാമും ഉള്‍പ്പെടും. ഇത്തരം ഉദ്യോഗസ്ഥരെ ക്രമസമാധാന രംഗത്തുനിന്ന് ഒഴിക്കുമെന്നാണ് അറിയുന്നത്.
തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ യൂനിറ്റ് ഒന്നില്‍ നിന്ന് എ പ്രദീപ്കുമാറിനെയും ഹെഡ്ക്വാര്‍ട്ടേഴ്‌സ് സ്‌പെഷ്യല്‍ യൂനിറ്റില്‍ നിന്ന് ബി വിനോദിനെയും മാറ്റി. ഇരുവരും ഏറെ ഗൗരവമേറിയ കേസുകള്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥരാണ്. പ്രദീപ് കുമാറിനെ കൊല്ലം എസിപിയായും വിനോദിനെ കരുനാഗപ്പള്ളി എസിപിയായും നിയമിച്ചു.

RELATED STORIES

Share it
Top