കസ്റ്റഡി മരണം: എസ്പിയുടേതടക്കം ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നു

കൊച്ചി: വരാപ്പുഴയില്‍ ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് പോലിസ് കസ്റ്റഡിമര്‍ദനത്തില്‍ മരിച്ച സംഭവത്തില്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന്റേതടക്കമുള്ള ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് പരിശോധന. കേസുമായി ബന്ധപ്പെട്ടവരും സംശയമുള്ളവരുമായ എല്ലാവരുടെയും ഫോണ്‍ രേഖകളാണ് പരിശോധിക്കുന്നത്. സംഭവത്തില്‍ ബാഹ്യ പ്രേരണയെന്തെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നറിയാനാണ് പ്രധാനമായും പരിശോധന. ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് സംഭവ ദിവസങ്ങളില്‍ വന്നിരിക്കുന്ന ഫോണ്‍ കോളുകളില്‍ അസ്വാഭാവികത കണ്ടെത്തിയാല്‍ അവരെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ശക്തമാക്കും.
ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട നോര്‍ത്ത് പറവൂര്‍ സിഐ ക്രിസ്പിന്‍ സാം, വരാപ്പുഴ എസ്‌ഐ ദീപക് എന്നിവരെ അന്വേഷണസംഘം ചോദ്യം ചെയ്തു. ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടും തുടര്‍ന്നും നടന്ന സംഭവങ്ങളെക്കുറിച്ച് ഇവരില്‍ നിന്നു മൊഴി രേഖപ്പെടുത്തി. വരുംദിവസങ്ങളില്‍ ഇവരെ വീണ്ടും വിളിപ്പിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. ശ്രീജിത്തിനൊപ്പം കസ്റ്റഡിയിലെടുത്ത മറ്റുള്ളവര്‍, നാട്ടുകാര്‍ തുടങ്ങിയവരെയും അന്വേഷണസംഘം ചോദ്യം ചെയ്തു.  കൂടുതല്‍ ആളുകളോട് വരുംദിവസങ്ങളില്‍ മൊഴിയെടുക്കുന്നതിന് ഹാജരാവാ ന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമായിരുന്നു ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുത്തതെന്നു നേരത്തേ ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സസ്‌പെന്‍ഡ് ചെയ്തിരുന്ന റൂറല്‍ ടൈഗര്‍ ഫോഴ്‌സ് (ആര്‍ടിഎഫ്) അംഗങ്ങളായിരുന്ന പോലിസുകാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
കസ്റ്റഡിയിലെടുത്ത സമയത്തും സ്‌റ്റേഷനിലെത്തിച്ച ശേഷവും ശ്രീജിത്ത് ക്രൂരമായി മര്‍ദിക്കപ്പെട്ടുവെന്നു ശ്രീജിത്തിന്റെ ഭാര്യ അഖിലയും മാതാപിതാക്കളും സഹോദരന്‍ സജിത്തും അന്വേഷണസംഘത്തോട് പറഞ്ഞിരുന്നു. ഇതിനുപിന്നില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടേയടക്കം സമ്മര്‍ദമുണ്ടെന്ന ആരോപണവും നിലവിലുണ്ട്. ഇവയുടെ വിശദമായ പരിശോധനയ്ക്കാണ് എസ്പി അടക്കമുള്ള പോലിസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കുന്നത്. ആദ്യ ഘട്ടത്തില്‍ സസപെന്‍ഷനിലായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥരെയും വീണ്ടും ചോദ്യം ചെയ്യും.
പോലിസ് വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുക്കുമ്പോള്‍ ശ്രീജിത്തിന് ശാരീരികമായി പ്രശ്‌നമുള്ളതായി തോന്നിയിരുന്നില്ലെന്നു കേസിലെ സാക്ഷികളിലൊരാളായ ഗണേഷ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പോലിസ് ജീപ്പിലോ സ്‌റ്റേഷനിലോ വച്ചു ശ്രീജിത്തിന് മര്‍ദനമേറ്റിട്ടുണ്ടോയെന്ന് തനിക്കറിയില്ലെന്നും ഗണേഷ് പറഞ്ഞു. പോലിസ് കസ്റ്റഡിയില്‍ വച്ചാണ് തനിക്ക് മര്‍ദനമേറ്റതെന്നു ശ്രീജിത്ത് ആശുപത്രിയിലെ ഡോക്ടര്‍മാരോട് പറഞ്ഞിരുന്നുവെന്ന വിധത്തിലുള്ള റിപോര്‍ട്ടും പുറത്തുവരുന്നുണ്ട്.
ശ്രീജിത്തിന്റെ ശരീരത്തില്‍ 18 ചതവുകളുണ്ടായിരുന്നെ ന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. അടിവയറ്റിനേറ്റ മാരകമായ ക്ഷതവും കുടല്‍ മുറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അണുബാധയും ശ്രീജിത്തിന്റെ മരണത്തിന് കാരണമായതായി പോസ്റ്റ്‌മോര്‍ട്ടം റിപോ ര്‍ട്ടില്‍ വ്യക്തമാക്കുന്നു. ശ്രീജിത്തിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. ചെറുകുടലിലുണ്ടായ മുറിവുനിമിത്തം അണുബാധ ഉണ്ടാവുകയും ഇത് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കിയെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top