കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പോലിസ് സ്‌റ്റേഷനില്‍ അഴിഞ്ഞാടി

കുന്നംകുളം: മദ്യപിച്ച് വാഹനമോടിച്ച സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത യുവാക്കള്‍ പോലിസ് സ്‌റ്റേഷനില്‍ അഴിഞ്ഞാടി. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവങ്ങളുടെ തുടക്കം.
ആനയ്ക്കല്‍ ചീരംകുളം പണിക്കശ്ശേരി വീട്ടില്‍ രാകേഷിനെ (32) മദ്യപിച്ച് വാഹനമോടിച്ചതിന് പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളായ ചീരംകുളം സ്വദേശികളായ വള്ളിക്കാട്ടിരി പ്രദീപ് (30), തോപ്പില്‍ കൃഷ്ണ സുജിത് (24) എന്നിവരെയും കസ്റ്റഡിയിലെടുത്തിരുന്നു. സ്‌റ്റേഷനിലെത്തിച്ചതോടെ പ്രദീപും കൃഷ്ണ സുജിത്തും ബഹളം വെയ്ക്കുകയും ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയുമായിരുന്നു.
സ്‌റ്റേഷനില്‍ ഈ സമയം ഉദ്യോഗസ്ഥര്‍ കുറവായിരുന്നു. ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് ഇരുവരെയും പോലിസ് വരുതിയിലാക്കിയത്. രാകേഷിനെ സ്‌റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രദീപ്, കൃഷ്ണ സുജിത് എന്നിവര്‍ക്കെതിരെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസ് ഉദ്യോഗസ്ഥനെ അക്രമിച്ചതിനും കേസെടുത്ത് അറസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top