കസ്റ്റഡിയിലെടുത്ത ബൈക്ക് പോലിസ് സ്റ്റേഷനില്‍ നിന്ന് കാണാതായി

വളപട്ടണം: പോലിസ് അകാരണമായി കസ്റ്റഡിയിലെടുത്ത ഒന്നേകാല്‍ ലക്ഷത്തിലധികം രൂപ വിലവരുന്ന മോട്ടോര്‍ ബൈക്ക് കാണാതായി. ഇതുസംബന്ധിച്ച് നാറാത്ത് സ്വദേശി മുഹമ്മദ് ഷഫീഖ് ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കിയിട്ടും നടപടിയില്ല. വളപട്ടണം പോലിസിനെതിരേയാണ് ആരോപണം. കഴിഞ്ഞ ജനുവരിയില്‍ മണല്‍ കടത്തവെ ചെറിയ പിക്കപ് വാന്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. അനധികൃതമായി മണല്‍ കടത്തിയെന്നാരോപിച്ച് ഷഫീഖിനെതിരേ കേസെടുക്കുകയും ചെയ്തു.
എന്നാല്‍, ഷഫീഖ് അന്ന് പോലിസില്‍ കീഴടങ്ങിയിരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി മൂന്നിന് വളപട്ടണം അഡീഷനല്‍ എസ്‌ഐ അനീഷും പോലിസുകാരും നാറാത്ത് ബാങ്ക് റോഡിലെ ഷഫീഖിന്റെ വീട്ടിലെത്തി കെഎല്‍ 13 എബി 2452 കെടിഎം ഡ്യൂക്ക് ബൈക്ക് കസ്റ്റഡിയിലെടുത്തു. ബൈക്കിന്റെ താക്കോലുകള്‍ ഷഫീഖിന്റെ പക്കലായിരുന്നു. സ്റ്റാര്‍ട്ടാവാത്തതു കാരണം ഗുഡ്‌സ് ഓട്ടോറിക്ഷ വിളിച്ചുവരുത്തി അതിലാണ് ബൈക്ക് വളപട്ടണം സ്റ്റേഷനിലേക്ക് കടത്തിക്കൊണ്ടുപോയത്. ഇതിനിടെ, മണല്‍ക്കടത്ത് കേസില്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങി റിമാന്‍ഡിലായി 18 ദിവസത്തിനു ശേഷം മാര്‍ച്ച് 14ന് ജാമ്യത്തിലിറങ്ങി. അന്യായമായി കസ്റ്റഡിയിലെടുത്ത ബൈക്ക് വിട്ടുകിട്ടാന്‍ പലവട്ടം സ്റ്റേഷന്‍ കയറിയിറങ്ങിയെങ്കിലും കൊടുക്കാന്‍ പോലിസ് തയ്യാറായില്ല.
ഒടുവില്‍ കഴിഞ്ഞ ദിവസം വീണ്ടും സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ബൈക്ക് കാണാനില്ലെന്ന വിവരമറിഞ്ഞതെന്ന് ഷഫീഖ് പറയുന്നു. കണ്ണൂര്‍ ഡിവൈഎസ്പിക്കും തുടര്‍ന്ന് ജില്ലാ പോലിസ് ചീഫിനും പരാതി നല്‍കി. ഇതുപ്രകാരം സിഐയെ ബന്ധപ്പെട്ടപ്പോള്‍ ബൈക്ക് കിട്ടാന്‍ സാധ്യതയില്ലെന്നായിരുന്നത്രെ അദ്ദേഹത്തിന്റെ മറുപടി. ബൈക്ക് സ്റ്റേഷന്‍ കോംപൗണ്ടില്‍ കിടക്കുന്നത് കണ്ടവരുണ്ട്. എന്നാല്‍, കൂടുതല്‍ വിശദീകരണം നല്‍കാന്‍ വളപട്ടണം പോലിസ് തയ്യാറായിട്ടില്ല. ഇതിനെതിരേ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് യുവാവ് പറഞ്ഞു.

RELATED STORIES

Share it
Top