കസ്റ്റഡിയിലെടുത്ത ദലിത് യുവാക്കളുടെ തല മൊട്ടയടിച്ചു

ചിറ്റൂര്‍: പോലിസ് കസ്റ്റഡിയിലെടുത്ത ദലിത് യുവാക്കളെ ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് നിര്‍ബന്ധപൂര്‍വം തല മൊട്ടയടിപ്പിച്ചു. ചിറ്റൂര്‍ മീനാക്ഷിപുരം പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ കെ വിനോദിന്റെ നേതൃത്വത്തിലാണ് പ്രായപൂര്‍ത്തിയാവാത്ത ഒരു യുവാവിന്റെ മുടി മുറിപ്പിക്കുകയും രണ്ട് യുവാക്കളെ ബലം പ്രയോഗിച്ച് തല മൊട്ടയടിപ്പിക്കുകയും ചെയ്തത്. നെടുമ്പാറ സ്രാമ്പി കോളനിയിലെ ഇരവാല സമുദായാംഗങ്ങളായ സഞ്ജയ് (18), നിധീഷ് (20), അയല്‍വാസിയായ 17കാരന്‍ എന്നിവരെയാണ് തല മൊട്ടയടിപ്പിച്ചത്.
ശനിയാഴ്ച വൈകീട്ടാണ് സംഭവം. വിവാദമായതോടെ എസ്‌ഐ കെ വിനോദിനെ മുട്ടിക്കുളങ്ങര എആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റി. രണ്ടു ദിവസത്തിനകം അന്വേഷണം നടത്തി റിപോര്‍ട്ട് നല്‍കണമെന്ന് ഡിവൈഎസ്പിക്ക് ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ നിര്‍ദേശം നല്‍കി. മീനാക്ഷിപുരത്തിനു സമീപം രാമര്‍പര്‍ണയിലെ ഒരു ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായിരുന്നു.
വിവരമറിഞ്ഞെത്തിയ പോലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് സമീപത്തെ ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മുടി മുറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു.

RELATED STORIES

Share it
Top