കസ്റ്റംസ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണം: കസ്റ്റംസ് അധികൃതര്‍

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ പ്ലസ് മാക്‌സ് ഡ്യൂട്ടി ഫ്രീ ഷോപ്പ് വഴി മദ്യം പുറത്തു വിറ്റ് നികുതി വെട്ടിച്ച കേസുമായി കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോര്‍ജിന് ബന്ധമുണ്ടോ എന്നറിയാന്‍ അദ്ദേഹത്തെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് കസ്റ്റംസ് അധികൃതര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്ന് ലൂക്ക് കെ ജോര്‍ജ് താന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. വിമാനയാത്രക്കാരുടെ വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് ഇവ ഉപയോഗിച്ച് വിദേശ നിര്‍മിത വിദേശമദ്യം കരിഞ്ചന്തയില്‍ വിറ്റ കേസില്‍ ലൂക്കിന് പങ്കുണ്ടെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്.
ഇന്നലെ ഹരജി പരിഗണിക്കുന്നതിനു മുമ്പ് കസ്റ്റംസ് അധികൃതര്‍ സ്‌റ്റേറ്റ്‌മെന്റ് സമര്‍പ്പിച്ചു. ആറു കോടി രൂപയുടെ നികുതിവെട്ടിപ്പ് നടന്നിട്ടുണ്ടെന്നും കേസിന്റെ അന്വേഷണവുമായി ലൂക്ക് സഹകരിക്കുന്നില്ലെന്നും സ്‌റ്റേറ്റ്‌മെന്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. 13,000 യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഉള്‍പ്പെടെ പ്ലസ് മാക്‌സ് കമ്പനി അനധികൃതമായി ശേഖരിച്ച് മദ്യവില്‍പന നടത്തിയിട്ടുണ്ട്. അനധികൃതമായി പാസ്‌പോര്‍ട്ട് വിവരം ശേഖരിക്കാന്‍ ലൂക്ക് സഹായിച്ചിട്ടുണ്ടെന്ന് സംശയമുണ്ട്. പാസ്‌പോര്‍ട്ട് രേഖകള്‍ അനധികൃതമായി ശേഖരിക്കുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു. 2017 സപ്തംബര്‍ 1 മുതല്‍ ഡിസംബര്‍ വരെയുള്ള വില്‍പനയുടെ വിവരങ്ങള്‍ പ്ലസ് മാക്‌സ് അധികൃതര്‍ നല്‍കിയിരുന്നു. ഇക്കാലയളവില്‍ മദ്യവില്‍പന വന്‍തോതില്‍ കൂടിയിട്ടുണ്ടെന്നും വിദേശ നാണയ വിനിമയത്തില്‍ വലിയ വ്യത്യാസമുണ്ടെന്നും കണ്ടെത്തിയിരുന്നു.
ഒരേ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ പല തവണയായി പല പേരുകളില്‍ ഉപയോഗിച്ചതും എയര്‍പോര്‍ട്ടില്‍ നിന്നു പോകുന്ന വിമാനങ്ങളുടെ വിവരങ്ങള്‍ മദ്യവില്‍പനയ്ക്ക് ഉപയോഗിച്ചതും കണ്ടെത്തിയിട്ടുണ്ട്. പ്ലസ് മാക്‌സ് കമ്പനിയുടെ സിഇഒ സുന്ദരവാസന്‍ 2017 സപ്തംബര്‍ 1 മുതല്‍ ഡിസംബര്‍ 15 വരെ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയവരുടെ വിവരങ്ങള്‍ തേടിയിരുന്നെങ്കിലും നല്‍കിയില്ലെന്ന് 17 എയര്‍ലൈന്‍ ഓപറേറ്റര്‍മാരുടെ പ്രതിനിധികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് ഡിസംബര്‍ 18ന് എയര്‍ കാര്‍ഗോയിലെ കസ്റ്റംസ് സൂപ്രണ്ടായ ലൂക്ക് കെ ജോര്‍ജ് ഇതേ രേഖകള്‍ ഇ-മെയിലിലൂടെ ആവശ്യപ്പെട്ടു. പിന്നീട് ഡിസംബര്‍ 30നും ഇതേ ആവശ്യം ഉന്നയിച്ച് മെയില്‍ അയച്ചു. തുടര്‍ന്ന് രേഖകളുടെ പകര്‍പ്പ് നല്‍കിയെന്നും എയര്‍ലൈന്‍ ഓപറേറ്റര്‍മാരുടെ പ്രതിനിധികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top