കസ്തൂരിരംഗന്‍ റിപോര്‍ട്ട്: അന്തിമ വിജ്ഞാപനം വേഗത്തിലിറക്കാന്‍ ഉത്തരവിടാനാവില്ല

ന്യൂഡല്‍ഹി: പശ്ചിമഘട്ടത്തെക്കുറിച്ച് പഠനം നടത്തിയ കസ്തൂരിരംഗന്‍ റിപോര്‍ട്ടില്‍ അന്തിമ വിജ്ഞാപനം വേഗത്തിലിറക്കാന്‍ ഉത്തരവിടാനാവില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍. കേരളത്തിനു മാത്രമായി അന്തിമ വിജ്ഞാപനം ഇറക്കണമെന്ന് പരിസ്ഥിതി മന്ത്രാലയത്തിനു നിര്‍ദേശം നല്‍കാനാവില്ല. കേരളത്തിനു മാത്രമായി വിജ്ഞാപനം ഇറക്കണമെന്ന് 2014ല്‍ ട്രൈബ്യൂണല്‍ പറഞ്ഞത് നിരീക്ഷണം മാത്രമാണെന്ന് അധ്യക്ഷ ന്‍ ജസ്റ്റിസ് എ കെ ഗോയല്‍ പറഞ്ഞു.
കസ്തൂരിരംഗന്‍ കരട് വിജ്ഞാപനം വീണ്ടും പുതുക്കി ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനിടെയാണ് ഉടന്‍ അന്തിമ വിജ്ഞാപനം ഇറക്കണമെന്നാവശ്യപ്പെട്ട് രണ്ടു ക്വാറി ഉടമകള്‍ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. ഇതു തള്ളിക്കൊണ്ടാണ് ട്രൈബ്യൂണലിന്റെ നടപടി. കേരളത്തിലെ ഭൗതിക പരിശോധന നേരത്തേ പൂര്‍ത്തിയായതിനാല്‍ ഇനിയും കാലതാമസം അനുവദിക്കരുതെന്നായിരുന്നു ക്വാറി ഉടമകള്‍ വാദിച്ചത്.
കരട് വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കിയ പ്രദേശങ്ങളിലെ നിരോധനങ്ങള്‍ നീക്കി കേരളത്തിന് പ്രത്യേകമായി അന്തിമ വിജ്ഞാപനം ഇറക്കാന്‍ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കണമെന്നും ഇവര്‍ വാദിച്ചു. എന്നാല്‍, 2014ലെ ഉത്തരവില്‍ ട്രൈബ്യൂണല്‍ പ്രത്യേക വിജ്ഞാപനത്തെപ്പറ്റി പറഞ്ഞത് നിരീക്ഷണം മാത്രമാണെന്ന് ബെഞ്ച് വ്യക്തമാക്കി. വിജ്ഞാപനം ഇറക്കേണ്ടത് മന്ത്രാലയത്തിന്റെ ചുമതലയാണ്. നടപടിയെടുക്കാത്തതിന്റെ പേരില്‍ ഇടപെടാന്‍ ട്രൈബ്യൂണലിന് അധികാരമില്ല. നിലവിലെ കരട് വിജ്ഞാപനത്തിന്റെ കാലാവധി അടുത്ത മാസമാണ് അവസാനിക്കുക.

RELATED STORIES

Share it
Top