കസാനിലെ കൂറ്റന്‍ ചുവരില്‍ മെസ്സിക്കൊപ്പം ഇനി മോഡ്രിച്ചും

മോസ്‌കോ:  ക്വാര്‍ട്ടറില്‍ തങ്ങളുടെ പ്രിയ ടീമിനെ തോല്‍പ്പിച്ചെങ്കിലും റഷ്യക്കാരുടെ മനസ്സില്‍ ക്രൊയേഷ്യന്‍ സൂപ്പര്‍താരം മോഡ്രിച്ചിനോട് വിരോധമില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസി, നെയ്മര്‍ തുടങ്ങി സൂപ്പര്‍ താരങ്ങളാല്‍ നിറഞ്ഞ റഷ്യയിലെ കസാന്‍ നഗരത്തിലെ ചുവരെഴുത്തുകളില്‍ ക്രൊയേഷന്‍ താരം ലൂക്ക മോഡ്രിച്ചും ഇടംപിടിച്ചിരിക്കുകയാണ്.
കസാന്‍ സെന്‍ട്രല്‍ ഹോട്ടലിലെ ഭീമന്‍ ചുവരിലാണു വമ്പന്‍ താരനിരയ്‌ക്കൊപ്പം മോഡ്രിച്ചിന്റെയും സ്ഥാനം.
ലോകകപ്പില്‍ ഉടനീളമുള്ള മോഡ്രിച്ചിന്റെ പ്രകടനമാണ് അദ്ദേഹത്തെ റഷ്യന്‍ ആരാധകര്‍ക്കു പ്രിയങ്കരനാക്കിയത്. മോഡ്രിച്ചിന്റെയും സഹതാരങ്ങളുടേയും കളിമികവില്‍ ക്രൊയേഷ്യ സെമി ഫൈനലില്‍ ഇടംപിടിച്ചിരുന്നു. ഇതോടെയാണ് താരം റഷ്യക്കാരുടെ മനംകവര്‍ന്നത്.
മ്യൂറല്‍ പെയിന്റിങില്‍ തീര്‍ക്കുന്ന ചിത്രത്തിനു റൊണാള്‍ഡോയുടെയും മെസിയുടെയുമെല്ലാം ചിത്രത്തിന്റെ അതേ വലുപ്പമാണുള്ളത്. മോഡ്രിച്ചിന്റെ പെയിന്റിങ് ജോലികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും ഉടന്‍ പൂര്‍ത്തിയാവുമെന്നും ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top