കസബ എസ്‌ഐ ഉള്‍പ്പെടെ രണ്ടുപേര്‍ക്കെതിരേ കേസെടുത്തു

തിരുവനന്തപുരം/കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിന് സമീപം പിഎം താജ് റോഡില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നേരെ നടന്ന പോലിസ് മര്‍ദനവുമായി ബന്ധപ്പെട്ട് രണ്ടു പോലിസുദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തു. കസബ എസ്‌ഐക്കും ഒരു സിവില്‍ പോലിസ് ഓഫിസര്‍ക്കുമെതിരേയാണ് ടൗണ്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സ്‌പെഷ്യല്‍ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ വി എം അബ്ദുല്‍ വഹാബ് അറിയിച്ചു. സംഭവത്തില്‍ സ്‌പെഷ്യല്‍ബ്രാഞ്ച് എസിപിയോട് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ മെറിന്‍ ജോസഫ് റിപോര്‍ട്ട് തേടിയിട്ടുണ്ട്. എസിപിയുടെ മേല്‍നോട്ടത്തില്‍ ടൗണ്‍ സിഐ പി എം മനോജിനാണ് അന്വേഷണച്ചുമതല. അതേസമയം കണ്ടാലറിയാവുന്ന രണ്ടു പോലിസുകാര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും എസ്‌ഐ ഉള്‍പ്പെടെയുള്ളവരുടെ വിവരം ട്രാ ന്‍സ്‌ജെന്‍ഡേഴ്‌സിന്റെ പരാതിയില്‍ പറയുന്നില്ലെന്നും ടൗണ്‍ പോലിസ് അറിയിച്ചു. സംസ്ഥാനസര്‍ക്കാരിന്റെ തുടര്‍വിദ്യാഭ്യാസ കലോല്‍സവത്തില്‍ പങ്കെടുക്കാനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനാണ്  മര്‍ദനമേറ്റത്. സംഭവത്തില്‍ ആരോപണവിധേയനായ കസബ എസ്‌ഐക്കെതിരേ കേസെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ കോഴിക്കോട് ഡിസിപി മെറിന്‍ ജോസഫിനോട് ഡിജിപി നിര്‍ദേശിച്ചു. ദക്ഷിണമേഖലാ ഐജി രാജേഷ് ദിവാനാണ് അന്വേഷണ മേല്‍നോട്ടം. മര്‍ദനം സംബന്ധിച്ച് സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ സംസ്ഥാന പോലിസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതിനല്‍കിയിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിനു പിന്നാലെയാണ് ഡിജിപിയുടെ നടപടി. അതേസമയം, സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് കോഴിക്കോട് പോലിസ് കമ്മീഷണറുടെ ഓഫിസിലേക്ക് ട്രാ ന്‍സ്‌ജെന്‍ഡേഴ്‌സുകളുടെ  സംഘടനകള്‍ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.കോഴിക്കോട് പിഎം താജ് റോഡില്‍ കഴിഞ്ഞദിവസം പുലര്‍ച്ചെ 2.30ഓടെയായിരുന്നു സംഭവം. കലോല്‍സവത്തില്‍ പങ്കെടുത്ത് താമസസ്ഥലത്തേക്ക് മടങ്ങുകയാണെന്ന് അറിയിച്ചിട്ടും അതൊന്നും ചെവികൊള്ളാതെ ലാത്തി ഉപയോഗിച്ച് അടിക്കുകയായിരുന്നെന്ന് സുസ്മിതയും ജാസ്മിനും പറഞ്ഞു. എന്നാല്‍, ഇവര്‍ ബാഗ് തട്ടിപ്പറിക്കാന്‍ ശ്രമിച്ചപ്പോള്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് സംഘം ഇടപെടുകയായിരുന്നുവെന്നും പോലിസ് നടപടിയിലല്ല ഇവര്‍ക്കു പരിക്കേറ്റതെന്നുമാണ് പോലിസിന്റെ വിശദീകരണം.

RELATED STORIES

Share it
Top