കശ്മീര്‍: ഹിമപാതത്തില്‍ അഞ്ച് സൈനികരെ കാണാതായി

ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയും മഴയും മൂലം കശ്മീര്‍ താഴ്്‌വര രാജ്യത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടു. ശ്രീനഗര്‍ വിമാനത്താവളത്തില്‍ വിമാന സര്‍വീസ് നിര്‍ത്തിവച്ചു. ശ്രീനഗര്‍-ജമ്മു ദേശീയപാതയും മുഗള്‍ റോഡും അടച്ചു. ബന്ദിപ്പുര ജില്ലയിലെ ഗുരൂസ് മേഖലയിലുണ്ടായ ഹിമപാതത്തില്‍ അഞ്ച് സൈനികരെ കാണാതായിട്ടുണ്ട്. അതിര്‍ത്തിയിലെ കാവല്‍പ്പുരയിലുണ്ടായിരുന്നവരെയാണ് കാണാതായതെന്ന് പോലിസ് അറിയിച്ചു. സൈനികരെ കണ്ടെത്താന്‍ തിരച്ചില്‍ തുടങ്ങി. എന്നാല്‍, തുടര്‍ച്ചയായ മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഗുരൂസ് മേഖലയില്‍ തിങ്കളാഴ്ചയുണ്ടായ ഹിമപാതത്തില്‍ ഒരു സൈനിക പോര്‍ട്ടറെ കാണാതായിരുന്നു. കശ്മീരിലെ ഇപ്പോഴത്തെ കാലാവസ്ഥ വ്യാഴാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിരവധി ഇടങ്ങളിലുണ്ടായ മഴയും മഞ്ഞുവീഴ്ചയും മൂലമാണ് രാജ്യത്തിന്റെ ഇതര ഭാഗങ്ങളുമായി കശ്മീരിനെ ബന്ധിപ്പിക്കുന്ന 300 കിലോമീറ്റര്‍ നീളമുള്ള ശ്രീനഗര്‍-ജമ്മു ദേശീയപാത അടച്ചത്. പൂഞ്ചിനെയും രജൗരിയെയും ദക്ഷിണ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന മുഗള്‍ റോഡും അടച്ചു. കനത്ത മഞ്ഞുവീഴ്ച ശ്രീനഗര്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു.

RELATED STORIES

Share it
Top