കശ്മീര്‍ സര്‍ക്കാര്‍ വീണു

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ പിഡിപി-ബിജെപി സഖ്യം തകര്‍ന്നു. പിഡിപിയുമായുള്ള സഖ്യം അവസാനിപ്പിക്കുന്നതായി ബിജെപി പ്രഖ്യാപിക്കുകയായിരുന്നു. ബിജെപി പ്രഖ്യാപനത്തിനു പിറകെ ജമ്മുകശ്മീര്‍ മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി രാജിവച്ചു. രാജിക്കത്ത് ഗവര്‍ണര്‍ എന്‍ എന്‍ വോറ സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ രാജിയോടെ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ഭരണത്തിലേക്ക് മാറും.
പിഡിപി 28, ബിജെപി 25, നാഷനല്‍ കോണ്‍ഫറന്‍സ് 15, കോണ്‍ഗ്രസ് 12, മറ്റുള്ളവര്‍ 7 എന്നിങ്ങനെയാണ് ജമ്മുകശ്മീര്‍ നിയമസഭയിലെ കക്ഷിനില. 44 സീറ്റാണ് കേവല ഭൂരിപക്ഷത്തിനായി വേണ്ടത്. 2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിലാണ് ബിജെപിയും പിഡിപിയും സഖ്യം രൂപീകരിച്ചത്.
ബിജെപി നേതാവ് റാം മാധവ് ഇന്നലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പിഡിപി സഖ്യം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയാണ് സഖ്യം അവസാനിപ്പിക്കുന്നതെന്ന് റാം മാധവ് പറഞ്ഞു. കശ്മീരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി. ജമ്മുകശ്മീരില്‍ നിന്നുള്ള എംഎല്‍എമാരുമായി അമിത് ഷാ ഇന്നലെ  രാവിലെ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സഖ്യം പിരിയുകയാണെന്നുള്ള പ്രഖ്യാപനം.
കശ്മീരിലെ റമദാന്‍മാസ വെടിനിര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ചതിനു പിറകെയാണ് സഖ്യത്തില്‍ നിന്ന് പിന്‍മാറുന്നതായുള്ള ബിജെപിയുടെ പ്രഖ്യാപനം. വെടിനിര്‍ത്തല്‍ പിന്‍വലിച്ചതിനൊപ്പം കശ്മീരിലെ സൈനിക നടപടികള്‍ ശക്തമാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ സംബന്ധിച്ച യുഎന്‍ റിപോര്‍ട്ട് പുറത്തുവരുകയും കശ്മീരി മാധ്യമപ്രവര്‍ത്തകന്‍ ഷുജാഅത്ത് ബുഖാരി കൊല്ലപ്പെടുകയും ചെയ്ത് ഒരാഴ്ചയ്ക്കുള്ളിലാണ് പുതിയ സംഭവവികാസങ്ങള്‍.
കഠ്‌വ ബലാല്‍സംഗ കൊലപാതകക്കേസിലെ പ്രതികളെ അനുകൂലിച്ചുള്ള റാലിയില്‍ ബിജെപി മന്ത്രിമാര്‍ പങ്കെടുത്തത് ഇരുപാര്‍ട്ടികള്‍ക്കുമിടയിലെ ഭിന്നതകള്‍ രൂക്ഷമാവാന്‍ കാരണമായിരുന്നു. റമദാന്‍ പ്രമാണിച്ച് പ്രഖ്യാപിച്ചിരുന്ന സൈനിക നടപടികള്‍ നിര്‍ത്തിവച്ച നടപടി തുടരണമെന്ന പിഡിപിയുടെ ആവശ്യം ബിജെപി നിരാകരിച്ചത് തര്‍ക്കം രൂക്ഷമാക്കി.
പിഡിപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസും നാഷനല്‍ കോണ്‍ഫറന്‍സും അറിയിച്ചു. പുതുതായി സഖ്യരൂപീകരണത്തിനുള്ള സാധ്യത തേടുന്നില്ലെന്ന് മെഹ്ബൂബ മുഫ്തിയും വ്യക്തമാക്കി.
അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സഖ്യത്തില്‍നിന്നുള്ള ബിജെപിയുടെ പിന്മാറ്റമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജമ്മുകശ്മീരിലെ ആറ് ലോക്‌സഭാ മണ്ഡലങ്ങളില്‍ തിരിച്ചടി നേരിട്ടാലും മറ്റു സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ ഇത് വോട്ടാക്കി മാറ്റാമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. കശ്മീരിലെ സംഘര്‍ഷങ്ങള്‍ അടക്കമുള്ള പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം പിഡിപിയുടെ തലയിലിട്ട് കൈകഴുകാനും ബിജെപിക്ക് ഇതിലൂടെ സാധിക്കും.

RELATED STORIES

Share it
Top