കശ്മീര്‍ വീണ്ടും ഏറ്റുമുട്ടലിലേക്ക്‌

റമദാന്‍ മാസപ്പിറവിയോടനുബന്ധിച്ച് മെയ് 16ന് കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് വ്യക്തമാക്കി. കശ്മീരില്‍ വ്യത്യസ്ത വിഭാഗങ്ങളുമായി ചര്‍ച്ചയ്ക്കു പശ്ചാത്തലമൊരുക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിക്കപ്പെടുന്നതോടെ വീണ്ടും അന്തരീക്ഷം സംഘര്‍ഷഭരിതമാവും. ആ ഒരൊറ്റക്കാരണം കൊണ്ടുതന്നെ വെടിനിര്‍ത്തല്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഖേദകരമാണ്.
സര്‍ക്കാരിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തോട് കശ്മീരിലെ വ്യത്യസ്ത വിഭാഗങ്ങള്‍ അനുകൂലമായി പ്രതികരിച്ചില്ല എന്നതാണ് ഇപ്പോഴത്തെ തീരുമാനത്തിന് കാരണമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പറഞ്ഞിരിക്കുന്നത്. കശ്മീരില്‍ കഴിഞ്ഞദിവസങ്ങളില്‍ ഖേദകരമായ സംഭവവികാസങ്ങള്‍ ഉണ്ടായിട്ടുണ്ട് എങ്കിലും സമാധാനത്തിനു വേണ്ടിയുള്ള നീക്കങ്ങള്‍ അവസാനിപ്പിക്കുന്നതിന് അവ ന്യായീകരണമല്ല. കശ്മീരിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ശുജാഅത്ത് ബുഖാരിയെ അദ്ദേഹത്തിന്റെ ഓഫിസിനു മുമ്പില്‍ വച്ച് വെടിവച്ചുകൊന്നത് സമീപദിവസങ്ങളിലുണ്ടായ ഖേദകരമായ സംഭവവികാസമാണ്. സൈനികനായ മുഹമ്മദ് ഔറംഗസേബിനെ തട്ടിക്കൊണ്ടുപോയി വധിച്ചതാണ് മറ്റൊരു സംഭവം. അതേസമയം, കഴിഞ്ഞ ഒരു മാസത്തില്‍ തീവ്രവാദികളും സൈനികരും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകളില്‍ കുറവുണ്ടായി എന്നാണ് കേന്ദ്രസര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, ജൂണ്‍ 28ന് അമര്‍നാഥ് യാത്ര ആരംഭിക്കുന്ന സാഹചര്യത്തില്‍ സൈന്യത്തിന് കടുത്ത നടപടികള്‍ സ്വീകരിക്കാനുള്ള പൂര്‍ണാധികാരം നല്‍കുകയാണ് എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനം.
ഇതൊരു പിന്നാക്കംപോക്കായാണ് ജമ്മുകശ്മീരില്‍ ബിജെപിയുടെ സഖ്യകക്ഷിയായ പിഡിപി നേതൃത്വം പോലും പറയുന്നത്. സമാധാനപരമായ ചര്‍ച്ചകള്‍ക്കു കളമൊരുക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുകയാണ് പ്രധാനം. അതിനാല്‍ ഇപ്പോള്‍ വീണ്ടും സൈനികനടപടികളിലേക്കു തിരിച്ചുപോവുന്നത് പ്രശ്‌നപരിഹാരത്തിന് ഒരുതരത്തിലും സഹായകമല്ല എന്ന് ഭരണകക്ഷിയായ പിഡിപി തന്നെ പറയുന്നുണ്ട്.
ഹുര്‍രിയത്ത് കോണ്‍ഫറന്‍സ് അടക്കമുള്ള കശ്മീരിലെ സ്വാതന്ത്ര്യാനുകൂല സംഘടനകള്‍ വെടിനിര്‍ത്തല്‍ തീരുമാനത്തോട് പ്രതികരിച്ചില്ല എന്ന കേന്ദ്രസര്‍ക്കാരിന്റെ ആരോപണം നീതീകരിക്കാവുന്നതല്ല. റമദാന്‍ മാസത്തില്‍ നടത്തിയ നീക്കങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുകയാണ് ഇപ്പോള്‍ മാറിനില്‍ക്കുന്ന വിഭാഗങ്ങളെ കൂടി ചര്‍ച്ചയ്ക്കു പ്രേരിപ്പിക്കാന്‍ ആവശ്യമായ നടപടി. കേന്ദ്രസര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയും സമാധാനത്തോടുള്ള പ്രതിബദ്ധതയും വിവിധ വിഭാഗങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ അത്തരത്തിലുള്ള ക്ഷമാപൂര്‍വമായ സമീപനം അനിവാര്യമാണ്. കാരണം, കഴിഞ്ഞ നിരവധി വര്‍ഷങ്ങളായി ചോരപ്പുഴയില്‍ ഒഴുകുകയാണ് കശ്മീരിലെ ജനത. ഇന്ത്യന്‍ ഭരണകൂടത്തെ സംബന്ധിച്ച് അവരുടെ പരാതികള്‍ക്ക് ആഴത്തിലുള്ള കാരണങ്ങളുണ്ട്. പരസ്പരവിശ്വാസത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിക്കാനുള്ള കാര്യമായ ശ്രമങ്ങളൊന്നും സമീപകാലത്ത് കേന്ദ്രസര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടുമില്ല. കശ്മീരികള്‍ മാത്രമല്ല, ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന പോലും ഈ വസ്തുത ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ അവസ്ഥയില്‍ വീണ്ടും സൈനികനടപടിയിലേക്ക് തിരിച്ചുപോവുന്നത് സ്ഥിതിഗതികള്‍ വഷളാക്കാന്‍ മാത്രമേ സഹായിക്കുകയുള്ളൂ.

RELATED STORIES

Share it
Top