കശ്മീര്‍: മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികാഘോഷം; തെളിവു ഹാജരാക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം

ന്യൂഡല്‍ഹി: പാക്കധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ രണ്ടാം വാര്‍ഷികാഘോഷം സ്‌കൂളുകളില്‍ നടത്താനും തെളിവായി അതിന്റെ വീഡിയോയും ചിത്രങ്ങളും നല്‍കാനും ജമ്മുകശ്മീരിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. 28, 29, 30 തിയ്യതികളില്‍ ഇതു നടത്താനാണു നിര്‍ദേശം നല്‍കിയത്. അതിന്റെ വീഡിയോ ഒക്ടോബര്‍ 1ന് സമര്‍പ്പിക്കുകയും അത് സ്‌കൂള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും വേണം. ഏതെല്ലാംതരത്തിലുള്ള ആഘോഷങ്ങളാണു നടത്തേണ്ടതെന്നും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്.
സൈന്യത്തിന് പിന്തുണ വാഗ്ദാനം ചെയ്ത് കത്തുകളും പോസ്റ്റ്കാര്‍ഡുകളും അയക്കുന്നതാണ് അതിലൊന്ന്. അതിനായി സ്‌കൂളുകള്‍ കാര്‍ഡുകള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യണം. എന്‍സിസി യൂനിറ്റുള്ള സ്‌കൂളുകള്‍ പ്രത്യേക പരേഡ് സംഘടിപ്പിക്കണം. അതോടൊപ്പം വിരമിച്ച സൈനികരുടെ പ്രഭാഷണവുമുണ്ടായിരിക്കണം. എല്ലാ സ്‌കൂളുകളിലും ഇത് നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കും. അവര്‍ പരിപാടിയെക്കുറിച്ച് ഒരു പേജ് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ആഭ്യന്തരമന്ത്രാലയം പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവെന്നും ഇതുസംബന്ധിച്ച സര്‍ക്കുലറിലുണ്ട്.
നേരത്തേ, രാജ്യത്തെ എല്ലാ യൂനിവേഴ്‌സിറ്റികളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിന്നലാക്രമണദിനം ആചരിക്കണമെന്ന് യുജിസി ഉത്തരവിറക്കിയിരുന്നു. എന്നാല്‍, യുജിസിയുടെ ചരിത്രത്തില്‍ ഇതുപോലെ രാഷ്ട്രീയതാല്‍പര്യമുള്ള സര്‍ക്കുലര്‍ ഇതിനു മുമ്പ് ഇറക്കിയിട്ടുണ്ടോയെന്നു സംശയമാണെന്നു പറഞ്ഞ് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയനേട്ടങ്ങള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സര്‍വകലാശാലകളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയാണെന്നു കോണ്‍ഗ്രസ് നേതാവും മാനവ വിഭവശേഷി മുന്‍മന്ത്രിയുമായ കപില്‍ സിബല്‍ ആരോപിച്ചു. സര്‍വകലാശാലകളുടെ അധികാരങ്ങള്‍ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങള്‍ ഇതിനു പിന്നിലുണ്ടോയെന്നു സംശയിക്കണം. നോട്ട് നിരോധന വാര്‍ഷികം ആഘോഷിക്കണമെന്നു നിര്‍ദേശം നല്‍കി യുജിസി സര്‍ക്കുലര്‍ പുറത്തിറക്കുമോയെന്ന് സിബല്‍ ചോദിച്ചു.
യുജിസിയുടെ നിര്‍ദേശം ബിജെപി അജണ്ടയുടെ ഭാഗമാണെന്നും കേന്ദ്രസര്‍ക്കാര്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും പശ്ചിമബംഗാള്‍ വിദ്യാഭ്യാസമന്ത്രി പാര്‍ഥാ ചാറ്റര്‍ജി ആരോപിച്ചു. അതേസമയം, സംഭവം വിവാദമായതിനു പിന്നാലെ ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ലെന്നും നിര്‍ദേശം മാത്രമാണ് യുജിസി നല്‍കിയിരിക്കുന്നതെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്‌ദേകര്‍ പറഞ്ഞു.
യുജിസിയുടെ നടപടിയില്‍ രാഷ്ട്രീയമല്ല, മറിച്ച് രാജ്യസ്‌നേഹം പ്രകടിപ്പിക്കല്‍ മാത്രമാണുള്ളത്. നിര്‍ബന്ധമായും അനുഷ്ഠിക്കാനുള്ള നിര്‍ദേശമല്ല അത്. അധ്യാപകരും വിദ്യാര്‍ഥികളും ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുന്‍ സൈനികരുടെ ക്ലാസുകള്‍ നടത്തണമെന്നാണ് യുജിസി നിര്‍ദേശമെന്നും കേന്ദ്രമന്ത്രി അറിയിച്ചിരുന്നു.

RELATED STORIES

Share it
Top