കശ്മീര്‍: ബാലികയെ പീഡിപ്പിച്ച് കൊന്നത് സുരക്ഷാ ഉദ്യോഗസ്ഥന്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ എട്ടുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്നത് അന്വേഷണം നടത്താന്‍ നിയോഗിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥന്‍. ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണു കുട്ടിയെ കണ്ടെത്താന്‍ നിയോഗിക്കപ്പെട്ട പോലിസ് സംഘത്തിലെ സ്‌പെഷ്യല്‍ പോലിസ് ഓഫിസറായ ദീപക് ഖജൂരിയ (28) അറസ്റ്റിലായത്. ജനുവരി 10നാണ് കത്വ ജില്ലയിലെ രസാനയില്‍ ഗോത്രവിഭാഗത്തില്‍പ്പെട്ട ആസിഫ ബാനുവിനെ കാണാതായത്. ഒരാഴ്ചയ്ക്കു ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ചുണ്ടുകള്‍ കടിച്ചുമുറിച്ചും കാലുകള്‍ തല്ലിയൊടിച്ചും ശരീരത്തിലുടനീളം പൊള്ളലേല്‍പ്പിച്ചും സ്വകാര്യഭാഗം കുത്തിക്കീറിയ നിലയിലുമായിരുന്നു മൃതദേഹം. ആദ്യം അന്വേഷിച്ച പോലിസ് സംഭവത്തില്‍ ഒരു കൗമാരക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, പോലിസ് പിടികൂടിയത് യഥാര്‍ഥ പ്രതിയെ അെല്ലന്നാരോപിച്ച് പോലിസ് സ്റ്റേഷന്‍ ഉപരോധിച്ച പ്രതിഷേധക്കാര്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജ് നടത്തിയത് വന്‍ വിമര്‍ശനത്തിനിടയാക്കി. പ്രതിഷേധം ശക്തമായതോടെയാണ് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. കുതിരയെ വെള്ളം കുടിപ്പിക്കാന്‍ പോയ ബാലികയെ ഖജൂരിയയും കൗമാരക്കാരനും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി അടുത്തുള്ള ഗോശാലയില്‍ എത്തിച്ച് ഒരാഴ്ചയോളം ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പെണ്‍കുട്ടിക്കു വേണ്ടിയുള്ള തിരച്ചില്‍ സംഘത്തിന്റെ ഭാഗമാവുകയും ചെയ്തു. സംഭവത്തില്‍ ഖജൂരിയയുടെ പങ്ക് വെളിപ്പെടുത്തുന്ന തെളിവു ലഭിച്ചതായും പ്രത്യേകാന്വേഷണസംഘം അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചുവരുകയാണ്. മുമ്പും ഈ പോലിസുകാരന്‍ ഇവരെ ഉപദ്രവിച്ചിരുന്നതായി കുട്ടിയുടെ കുടുംബം പറഞ്ഞു.

RELATED STORIES

Share it
Top