കശ്മീര്‍ : പ്രതിഷേധം തുടരുന്നു ; നിയന്ത്രണം ശക്തമാക്കിശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയിലെ നിരവധി ഭാഗങ്ങളില്‍ അധികൃതര്‍ കര്‍ഫ്യുവിന് സമാനമായി നിയന്ത്രണം ഏര്‍പ്പെടുത്തി. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ സബ്‌സര്‍ ഭട്ട് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനം പാലിക്കുന്നതിന് വേണ്ടിയാണ് ഈ നടപടി.  ശ്രീനഗറിലെ ഖന്വാര്‍, നൗഹാട്ട, സഫകാദല്‍, എംആര്‍ ഗഞ്ച്, റെയ് നവാരി, ക്രാള്‍ഖുദ്, മെയ്‌സുമ പോലിസ് സ്‌റ്റേഷന്‍ പരിധികളിലാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഇനിയൊരു ഉത്തരവുണ്ടാവുന്നതുവരെ നിയന്ത്രണം തുടരുമെന്ന് അധികൃതര്‍ പറഞ്ഞു.ശ്രീനഗറിലെ എല്ലാ കോളജുകളും ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളും ഇന്ന് അടച്ചിടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. ദക്ഷിണ കശ്മീരിലെ അനന്ത് നാഗ്, പുല്‍വാമ, ഷോപിയാന്‍ ജില്ലകളിലും ഉത്തരകശ്മീരിലെ സോപുര്‍ ടൗണ്‍ഷിപ്പിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മധ്യകശ്മീരിലെ ബദ്ഗം, ഗണര്‍ബാര്‍ ജില്ലകളില്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ 144ാം വകുപ്പ് പ്രകാരമാണ് ജനസഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഭട്ട് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ശനിയാഴ്ച താഴ്‌വരയില്‍ പലയിടത്തും അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഭട്ടിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് ഞായറാഴ്ച ജനജീവിതത്തെ ബാധിച്ചു. ഭട്ടിന്റെ മൃതദേഹം ത്രാളിലെ ഖബര്‍സ്ഥാനില്‍ ഇന്നലെ രാവിലെ സംസ്‌കരിച്ചു. സംസ്‌കാര ചടങ്ങില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. താഴ്‌വരയില്‍ അധികൃതര്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിയിട്ടുണ്ട്. അതേസമയം, കെരണ്‍ മേഖലയില്‍ പാക്‌സേന നടത്തിയ വെടിവയ്പില്‍ സൈനിക പോര്‍ട്ടര്‍ മരിച്ചു. മറ്റൊരു ജവാന് പരിക്കേറ്റു. പോര്‍ട്ടറുടെ മൃതദേഹം അധികൃതര്‍ ബന്ധുക്കള്‍ക്ക് കൈമാറി.   അതിനിടെ പൂഞ്ച് ജില്ലയില്‍ സൈന്യത്തിന്റെ വെടിയേറ്റ് നുഴഞ്ഞുകയറ്റക്കാരന്‍ മരിച്ചു. കശ്മീര്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ 800ഓളം കശ്മീരി യുവാക്കള്‍ ഇന്നലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള പൊതുപ്രവേശന പരീക്ഷയെഴുതി. ശ്രീനഗറിലും പട്ടാനിലുമായിരുന്നു പരീക്ഷ.

RELATED STORIES

Share it
Top