കശ്മീര്‍ പാകിസ്താന് പട്ടേല്‍ വാഗ്ദാനം ചെയ്തിരുന്നു: സൈഫുദ്ദീന്‍ സോസ്‌

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ കശ്മീരിനെ പാകിസ്താന് വാഗ്ദാനം ചെയ്തിരുന്നെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സൈഫുദ്ദീന്‍ സോ സ്. കശ്മീര്‍ എ ഗ്ലിംപ്‌സ് ഓഫ് ഹിസ്റ്ററി ആന്റ് ദി സ്റ്റോറി ഓഫ് സ്ട്രഗ്ള്‍ എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനിടെയാണ് സോസിന്റെ പരാമര്‍ശം. ഹൈദരാബാദിനു വേണ്ടി വാശിപിടിച്ച അന്നത്തെ പാക് പ്രധാനമന്ത്രി ലിയാഖത് അലി ഖാന് ഹൈദരാബാദിനു പകരമായാണ് കശ്മീര്‍ നല്‍കാന്‍ തയ്യാറായത്. എന്നാല്‍, ജവഹര്‍ലാല്‍ നെഹ്‌റു കശ്മീരിനെ ഇന്ത്യയുടെ ഭാഗമായി നിലനിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നെന്നും സോസ് പറയുന്നു.
പട്ടേല്‍ ഒരു പ്രായോഗികവാദിയായിരുന്നു. ഹൈദരാബാദും ജുനഗഡും ഇന്ത്യ ഏറ്റെടുക്കണമെന്നായിരുന്നു വിഭജനസമയത്ത് സ്വീകരിച്ച നിലപാട്. ലിയാഖത് അലി ഖാനോട് നിങ്ങള്‍ കശ്മീര്‍ എടുത്തുകൊള്ളുക ഹൈദരാബാദിനെ കുറിച്ച് സംസാരിക്കരുതെന്നായിരുന്നു കശ്മീര്‍ വാഗ്ദാനം ചെയ്തുകൊണ്ട് പട്ടേല്‍ പറഞ്ഞതെന്നും സോസ് പറഞ്ഞു. ലിയാഖത് ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍, പട്ടേല്‍ അതില്‍ നിന്നു പിന്തിരിയുകയായിരുന്നു. വിഷയം ഐക്യരാഷ്ട്ര സഭയില്‍ എത്തിച്ചത് മൗണ്ട് ബാറ്റണ്‍ പ്രഭുവാണെന്നും സോസ് പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുശര്‍റഫിന്റെ നിലപാട് ശരിയെന്ന സോസിന്റെ പ്രസ്താവന മുമ്പ് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കശ്മീരിന് പാകിസ്താനുമായി ചേരാന്‍ താല്‍പ്പര്യമില്ല. സ്വാതന്ത്ര്യമാണ് അവരുടെ ആവശ്യമെന്നായിരുന്നു മുശര്‍റഫിന്റെ പരാമര്‍ശം. ഇതിനെ പിന്തുണച്ച സോസ് താഴ്‌വരയില്‍ അശാന്തി പടരുന്നതില്‍ ഇന്ത്യയെ വിമര്‍ശിച്ചിരുന്നു.
അതേസമയം, സോസിന്റെ പരിപാടിയില്‍ നിന്നു വിട്ടുനില്‍ക്കണമെന്നു കോണ്‍ഗ്രസ് നേതാക്കളോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും മുതിര്‍ന്ന കോ ണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് പരിപാടിക്കെത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരിയും ചടങ്ങിനുണ്ടായിരുന്നു. പി ചിദംബരമാണ് പുസ്തകം പ്രകാശനം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, പാര്‍ട്ടി നിര്‍ദേശപ്രകാരം ചിദംബരം പങ്കെടുത്തില്ല.

RELATED STORIES

Share it
Top