കശ്മീര്‍ താഴ്‌വര വീണ്ടും പ്രക്ഷുബ്ധമാവുന്നു

കശ്മീര്‍ താഴ്‌വര വീണ്ടും പ്രക്ഷുബ്ധമാവുന്നതിന്റെ ലക്ഷണങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. തെക്കന്‍ കശ്മീരിലെ ഷോപിയാനില്‍ ഞായറാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ചു സായുധര്‍ കൊല്ലപ്പെട്ടു. രാഷ്ട്രീയ റൈഫിള്‍സിന്റെ നീക്കങ്ങളില്‍ പ്രതിഷേധിച്ച നാട്ടുകാര്‍ തെരുവിലിറങ്ങിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഞ്ചു സിവിലിയന്‍മാരാണ് മരണമടഞ്ഞത്. ശ്രീനഗറിലെ ചട്ടര്‍ബാലില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിനിടയില്‍ സിആര്‍പിഎഫ് കവചിതവാഹനം കയറ്റി ഒരു യുവാവിനെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ചട്ടര്‍ബാലില്‍ വെടിയേറ്റുവീണ മൂന്നുപേര്‍ ലശ്കറെ ത്വയ്യിബയുടെ സായുധപോരാളികളാണെന്ന് സൈന്യം വിശദീകരിക്കുന്നു. പ്രക്ഷോഭം വ്യാപകമായതോടെ ഭരണകൂടം ഇന്റര്‍നെറ്റ് ബന്ധങ്ങളൊക്കെ വിച്ഛേദിച്ചിരിക്കയാണ്.
ദശാബ്ദങ്ങളായി നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന കശ്മീര്‍ പ്രശ്‌നത്തിനു രാഷ്ട്രീയമായ പരിഹാരമാണു വേണ്ടതെന്ന് സൈനികമേധാവികളടക്കം പലരും നിര്‍ദേശിച്ചുവെങ്കിലും കേന്ദ്രം ഭരിക്കുന്നത് യുപിഎ ആയാലും എന്‍ഡിഎ ആയാലും തങ്ങള്‍ പിടിച്ച മുയലിന് മൂന്നു കൊമ്പ് എന്ന നയം തന്നെയാണ് പിന്തുടരുന്നത്. മേല്‍ക്കോയ്മാ മാധ്യമങ്ങളും എസ്റ്റാബ്ലിഷ്‌മെന്റും എത്രമേല്‍ അവഗണിച്ചാലും അതിന്റെ അനര്‍ഥങ്ങള്‍ പ്രവിശ്യയെ മുഴുവന്‍ ബാധിച്ചിട്ടുണ്ടെന്നതില്‍ ഒരു സംശയവുമില്ല. നേരത്തേ ചില പ്രദേശങ്ങളില്‍ മാത്രം കണ്ടിരുന്ന സംഘര്‍ഷം വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ താരതമ്യേന സമാധാനപരമായിരുന്നു ഷോപിയാന്‍.
2007-08 കാലഘട്ടം തൊട്ട് സംഘര്‍ഷത്തിലും മരണസംഖ്യയിലും നേരിയ കുറവ് കണ്ടിരുന്നുവെങ്കിലും 2016 ജൂലൈയില്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനുശേഷം ഏറ്റുമുട്ടലും മരണവും വര്‍ധിച്ചുവരുകയാണ്. 2017ല്‍ മാത്രം 358 പേര്‍ താഴ്‌വരയില്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗികമായ കണക്ക്.
ഏറ്റുമുട്ടലുകളുടെ സ്വഭാവത്തില്‍ വന്ന മാറ്റം ഉല്‍ക്കണ്ഠാജനകമാണ്. അതിര്‍ത്തി കടന്നുവരുന്ന സായുധസംഘങ്ങളുടെ സ്വാധീനം കുറഞ്ഞുവരുമ്പോള്‍ ഹിസ്ബുല്‍ മുജാഹിദീന്‍ പോലുള്ള തദ്ദേശീയ സംഘടനകളില്‍ കൂടുതല്‍ പേര്‍ അംഗങ്ങളാവുന്നു. ഷോപിയാനില്‍ കൊ ല്ലപ്പെട്ട ഡോ. മുഹമ്മദ് റഫി ഭട്ടിന്റെ കഥ തന്നെ പ്രക്ഷോഭത്തിന്റെ സ്വഭാവത്തില്‍ വരുന്ന മാറ്റം സൂചിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്കു പ്രിയങ്കരനായ, മൃദുഭാഷിയായ അധ്യാപകന്‍ സായുധപോരാളിയായി മാറുന്നതിനു പിന്നില്‍ കശ്മീര്‍ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലുണ്ടായ പരാജയം ഒളിഞ്ഞിരിപ്പുണ്ട്.
വിചിത്രമായ ഒരു ഐക്യമുന്നണിയാണ് സംസ്ഥാനം ഭരിക്കുന്നത്. സഖ്യകക്ഷികളായ പിഡിപിയും ബിജെപിയും തമ്മില്‍ ആശയപ്പൊരുത്തം തീരെയില്ല. കഠ്‌വയില്‍ പിഞ്ചുകുഞ്ഞിനെ ബലാല്‍സംഗം ചെയ്തുകൊന്നത് ഒരു ചെറിയ കാര്യമാണെന്നു പറയുന്ന ഉപമുഖ്യമന്ത്രി കവീന്ദര്‍ ഗുപ്തയും പരോക്ഷമായി കശ്മീര്‍ പ്രക്ഷോഭകരുടെ കൂടെ നില്‍ക്കുന്ന മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തിയും കൈകോര്‍ക്കുന്നതിലെ കാപട്യം തന്നെയാണ് ഡല്‍ഹിയിലെ ഭരണാധികാരികളിലും കാണുന്നത്. കശ്മീര്‍ ഭരിക്കുന്നത് രാഷ്ട്രീയകക്ഷികളല്ല; പലതരം സുരക്ഷാ സൈന്യങ്ങളാണ്.

RELATED STORIES

Share it
Top