കശ്മീര്‍ ഡിജിപിയെ ചട്ടവിരുദ്ധമായി മാറ്റി

ശ്രീനഗര്‍: ജമ്മുകശ്മീര്‍ ഡിജിപി എസ് പി വൈദിനെ നീക്കി. സുപ്രിം കോടതി നിര്‍ദേശത്തിന് വിരുദ്ധമായി ജയില്‍ വകുപ്പ് മേധാവി ദില്‍ബാഗ് സിങിനെ താല്‍ക്കാലിക ഡിജിപി ആയി നിയമിച്ചിട്ടുണ്ട്. വൈദിനെ നീക്കിയ ഉത്തരവ് പ്രിന്‍സിപ്പല്‍ സെക്രട്ടറി (ആഭ്യന്തരം) പുറത്തിറക്കിയത് വ്യാഴാഴ്ച രാത്രിയാണ്. 1986 ബാച്ച് ഐപിഎസ് ഓഫിസറാണ് വൈദ്. അദ്ദേഹത്തെ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറായി നിയമിച്ചിട്ടുണ്ട്. മുന്നറിയിപ്പൊന്നും ഇല്ലാതെയാണ് വൈദിനെ മാറ്റിയത്. പോലിസ് നേതൃത്വവും സര്‍ക്കാരും തമ്മിലുള്ള ഭിന്നതയാണ് വൈദിന്റെ സ്ഥാനം തെറിക്കാന്‍ കാരണമായതെന്നാണ് സൂചന.
അതേസമയം, നിര്‍ദേശം പാലിക്കാതെ താല്‍ക്കാലിക പോലിസ് മേധാവിയെ നിയമിച്ചതിന് വിശദീകരണം നല്‍കാന്‍ ജമ്മുകശ്മീര്‍ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതി ഉത്തരവനുസരിച്ച് യുപിഎസ്‌സിയോട് ചര്‍ച്ച ചെയ്യാതെ താല്‍ക്കാലിക ഡിജിപിയെ നിയമിക്കാന്‍ പാടില്ല.
അഭിഭാഷകന്‍ ഷോയബ് ആലമാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര മുമ്പാകെ ഹരജി സമര്‍പ്പിച്ചത്. തിങ്കളാഴ്ച ഹരജി പരിഗണിക്കും.
കഴിഞ്ഞ മൂന്നു ദശകമായി തീവ്രവാദത്തെ നേരിടുന്ന ജമ്മുകശ്മീര്‍ പോലിസ് സേനയെ ഒരുനിമിഷം പോലും തലവനില്ലാത്ത നിലയില്‍ വിടാന്‍ സാധിക്കില്ലെന്നും അതുകൊണ്ടാണ് ഇത്തരം തീരുമാനം സ്വീകരിച്ചതെന്നും ഹരജിയില്‍ വ്യക്തമാക്കി. ചില സംസ്ഥാനങ്ങള്‍ താല്‍ക്കാലിക പോലിസ് മേധാവികളെ നിയമിക്കുന്നതിനെതിരേ കേന്ദ്രസര്‍ക്കാര്‍ ജൂലൈയില്‍ സുപ്രിംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് കോടതി സംസ്ഥാന പോലിസ് മേധാവികളെ നിയമിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

RELATED STORIES

Share it
Top