കശ്മീര്‍: ഗവര്‍ണര്‍ ഭരണം വന്നത് 7 തവണ

ശ്രീനഗര്‍: 2014ല്‍ പിഡിപി-ബിജെപി സഖ്യം ജമ്മുകശ്മീരില്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരിക്കലും യോജിക്കാത്ത രണ്ട് ആശയക്കാര്‍ അധിക കാലം ഒരുമിച്ചിരിക്കില്ലെന്ന വിലയിരുത്തലിലായിരുന്നു രാഷ്ട്രീയലോകം. ഒടുവില്‍ രാജ്യത്തെ 16ാമത്തെ വനിതാ മുഖ്യമന്ത്രിയെന്ന ഖ്യാതിയില്‍ തുടങ്ങി ജമ്മുകശ്മീരിനെ അതിന്റെ ഏറ്റവും കലുഷിതമായ അവസ്ഥയിലേക്കു തള്ളിവിട്ട ഭരണ കൂട്ടുകെട്ടിന്റെ അമരക്കാരിയെന്ന ചീത്തപ്പേരോടു കൂടിയാണു മുഫ്തിയുടെ തിരിച്ചുപോക്ക്.
മുഫ്തി രാജിവയ്ക്കുകയും മറ്റൊരു ഭരണകൂട്ടുകെട്ടിനില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തതോടെ കശ്മീര്‍ ഭരണം ഗവര്‍ണര്‍ നരേന്ദ്രനാഥ് വോഗ്‌റയുടെ കൈകളിലേക്കെത്തുമെന്ന സൂചനയാണുള്ളത്. സംസ്ഥാനത്ത് ഇതുവരെ ഏഴു തവണയാണു ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്.
1977 മാര്‍ച്ച് 26ന് ശെയ്ഖ് അബ്ദുല്ലയുടെ നാഷനല്‍ കോണ്‍ഫറന്‍സിന് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടെ മന്ത്രിസഭ താഴെ വീണു. അന്ന് ആദ്യമായി സംസ്ഥാനത്ത് 105 ദിവസം നിലനിന്ന ഗവര്‍ണര്‍ ഭരണമുണ്ടായി.
ശെയ്ഖ് അബ്ദുല്ലയുടെ മരുമകന്‍ ഗുലാം മുഹമ്മദ് ഷായ്ക്കുള്ള പിന്തുണ കോണ്‍ഗ്രസ് 1986ല്‍ പിന്‍വലിച്ച ഘട്ടത്തിലായിരുന്നു രണ്ടാമത്തെ ഗവര്‍ണര്‍ ഭരണം. നിയമസഭയില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാതെ വന്നതോടെ മാര്‍ച്ച് ആറു മുതല്‍ 246 ദിവസത്തെ ഭരണമാറ്റമാണു സംസ്ഥാനത്തുണ്ടായത്. 1990 ജനുവരി 19നു പ്രഖ്യാപിച്ച ഗവര്‍ണര്‍ ഭരണം ആറു കൊല്ലവും 264 ദിവസവുമാണു നീണ്ടത്.
ക്രമസമാധാനനില തകര്‍ന്നതും സായുധ പ്രവര്‍ത്തനങ്ങളുടെ പെട്ടെന്നുള്ള കുതിച്ചുയരലും ഇതിനു കാരണമായി.
പിന്നീട് 2005 ഒക്ടോബര്‍ 18ന് ഗവര്‍ണര്‍ ഭരണം പ്രഖ്യാപിച്ചെങ്കിലും 15 ദിവസമേ നീണ്ടുനിന്നുള്ളൂ. 2008 ജൂലൈ 11ന് പിഡിപി-കോണ്‍ഗ്രസ് കൂട്ടുകെട്ടില്‍ വിള്ളല്‍ വന്നതോടെ 178 ദിവസം ഭരണമാറ്റമുണ്ടായി.
അമര്‍നാഥ് യാത്രയ്ക്കു മുഖ്യമന്ത്രി ഗുലാംനബി ആസാദ് ഭൂമി നല്‍കാന്‍ തീരുമാനിച്ചതാണു സഖ്യ കൂട്ടുകെട്ട് പൊളിയാന്‍ കാരണമായത്.
2015 ജനുവരി 9നാണ് പിന്നീട് സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷം കിട്ടാതെ വന്നതോടെയായിരുന്നു ഇത്. പിഡിപി-ബിജെപി കൂട്ടുകെട്ടില്‍ മന്ത്രിസഭ പ്രഖ്യാപിച്ചതോടെ 51 ദിവസം നീണ്ടുനിന്ന ഗവര്‍ണര്‍ ഭരണം അവസാനിച്ചു.
അവസാനമായി 2016 ജനുവരി 8ന് മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തോടെ സംസ്ഥാനം ഏഴാമത് ഗവര്‍ണര്‍ ഭരണത്തിനു കീഴിലായി. എന്നാല്‍ 87 ദിവസത്തെ മന്ത്രിസഭാ അനിശ്ചിതത്വത്തിനൊടുവില്‍ പിഡിപി-ബിജെപി മന്ത്രിസഭ നിലവില്‍ വരികയായിരുന്നു.
10 വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് കശ്മീരില്‍ ഭരണം ഗവര്‍ണര്‍ ഏറ്റെടുക്കേണ്ടി വരുന്നത്.

RELATED STORIES

Share it
Top