കശ്മീര്‍ അതിര്‍ത്തി വഴിയുള്ള നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തകര്‍ത്തു ; എട്ടു പേരെ വധിച്ചുശ്രീനഗര്‍: കശ്മീരില്‍ ഇന്നലെ വ്യത്യസ്ത നീക്കങ്ങളിലായി ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായ സബ്‌സര്‍ അഹ്മദ് ഭട്ട് അടക്കം എട്ട് സായുധ പ്രവര്‍ത്തകരെ സൈന്യം വധിച്ചു.  പല്‍വാമ ജില്ലയിലെ ത്രാലിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭട്ട് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന ബുര്‍ഹാന്‍ വാനി കഴിഞ്ഞ ജൂലൈയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കമാന്‍ഡറായി ഭട്ട് സ്ഥാനമേറ്റത്. വാനിയെ സൈന്യം വധിച്ചതിനു ശേഷം മാസങ്ങളോളം നീണ്ട പ്രക്ഷോഭമാണ് കശ്മീര്‍ താഴ്‌വരയില്‍ ഉണ്ടായത്. ഭട്ടിനു പുറമേ ത്രാലില്‍ മറ്റൊരു ഹിസ്ബ് പ്രവര്‍ത്തകനും നിയന്ത്രണരേഖയ്ക്കു സമീപം ബാരമുല്ല ജില്ലയിലെ റാംപൂരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ആറു പേരുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം സൈമു ഗ്രാമത്തിലെ സൈനിക ക്യാംപിനു നേര്‍ക്ക് ആക്രമണം ഉണ്ടായതിനെത്തുടര്‍ന്നാണ് ത്രാലില്‍ സൈന്യം തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇന്നലെ രാവിലെ സൈന്യവും ഹിസ്ബ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന ഏറ്റുമുട്ടലിലാണ് സബ്‌സര്‍ അഹ്മദ് ഭട്ട് അടക്കം രണ്ടു പേര്‍ കൊല്ലപ്പെട്ടത്. ഭട്ടിന്റെ മരണവാര്‍ത്ത പുറത്തുവന്ന ശേഷം ത്രാലില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതായാണ് റിപോര്‍ട്ടുകള്‍. ഏറ്റുമുട്ടലിനു ശേഷം സൈമു ഗ്രാമത്തിലെത്തിയ നൂറോളം വരുന്ന ഗ്രാമീണരും സുരക്ഷാ സൈനികരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു. ത്രാലിനു പുറമേ കശ്മീരിലെ അനന്ത്‌നാഗ്, ഷോപിയാന്‍, പല്‍വാമ, ശ്രീനഗര്‍ മേഖലകളിലും ഭട്ടിന്റെ മരണശേഷം പ്രതിഷേധക്കാരും പോലിസും ഏറ്റുമുട്ടി. നിരവധി പേര്‍ക്ക് സംഘര്‍ഷങ്ങളില്‍ പരിക്കേറ്റിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌കൂളുകളും കോളജുകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടു. റാംപൂരില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തുന്നതിനിടെയാണ് ഇന്നലെ പുലര്‍ച്ചെയോടെ സൈന്യം ആറു പേരെ വധിച്ചത്. റാംപൂരിനു സമീപം ഉറിയില്‍ കഴിഞ്ഞ ദിവസം പാകിസ്താന്‍ അതിര്‍ത്തി സേനയുടെ ആക്രമണം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയിരുന്നു. അതേസമയം, സബ്‌സര്‍ അഹ്മദ് ഭട്ടിന്റെ മരണത്തെത്തുടര്‍ന്ന് കശ്മീരില്‍ വീണ്ടും ഇന്റര്‍നെറ്റ് സേവനങ്ങള്‍ 40 ദിവസത്തേക്ക് നിരോധിച്ചു. കഴിഞ്ഞമാസം വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയത്. ഭട്ടിനെ സൈന്യം വധിച്ചത് വീണ്ടും പ്രക്ഷോഭം സൃഷ്ടിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. വിദ്യാര്‍ഥിപ്രക്ഷോഭത്തെ തുടര്‍ന്ന് ഏപ്രില്‍ 17ന് 22 വെബ്‌സൈറ്റുകളുളും നിരവധി വെബ് ആപ്ലിക്കേഷനുകളും കശ്മീരില്‍ ബ്ലോക്ക് ചെയ്തിരുന്നു. അതേസമയം, സൈന്യത്തിന്റെ നടപടിക്കെതിരേ വിവിധ സംഘടനകള്‍ കശ്മീരില്‍ ഇന്നും നാളെയും ബന്ദിന് ആഹ്വാനം ചെയ്തു. ഈ മാസം 30നു ത്രാലിലേക്ക് മാര്‍ച്ച് നടത്താനും സംഘടനകള്‍ ആഹ്വാനം ചെയ്തു. ത്രാലില്‍ ഏറ്റുമുട്ടലിനിടെ ഒരു സിവിലിയനും കൊല്ലപ്പെട്ടതായി റിപോര്‍ട്ടുകളുണ്ട്.

RELATED STORIES

Share it
Top