കശ്മീരി വിദ്യാര്‍ഥിക്ക് മര്‍ദനം; ശാര്‍ദ സര്‍വകലാശാലയില്‍ സംഘര്‍ഷം

നോയിഡ: കശ്മീരി വിദ്യാര്‍ഥിയെ മര്‍ദിച്ചതിനെ തുടര്‍ന്ന് ശാര്‍ദ സര്‍വകലാശാലയില്‍ ഇന്ത്യന്‍/ അഫ്ഗാനിസ്താന്‍ വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി.
ശാര്‍ദ സര്‍വകലാശാലയുടെ ഗ്രേറ്റര്‍ നോയിഡ കാംപസിലാണ് വ്യാഴാഴ്ച സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 350ലേറെ വിദ്യാര്‍ഥികള്‍ക്കെതിരേ പോലിസ് കേസെടുത്തു. തിങ്കളാഴ്ചയുണ്ടായ പിടിവലിയെത്തുടര്‍ന്ന് മൂന്ന് അഫ്ഗാന്‍ വിദ്യാര്‍ഥികളെ സസ്‌പെന്റ് ചെയ്തിരുന്നു.
ഞായറാഴ്ച വരെ വാഴ്‌സിറ്റിയില്‍ ക്ലാസുകള്‍ ഉണ്ടാവില്ലെന്ന് സര്‍വകലാശാലാ വൃത്തങ്ങള്‍ അറിയിച്ചു. പരീക്ഷകള്‍ നീട്ടിവച്ചിട്ടുണ്ട്. അതേസമയം, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കശ്മീരി വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ജമ്മു-കശ്മീര്‍ ഗവര്‍ണര്‍ എസ് പി മലിക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് ആവശ്യപ്പെട്ടു. കാംപസിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ഗൗതം നഗര്‍ ഭരണകൂടം സര്‍വകലാശാലാ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തി.

RELATED STORIES

Share it
Top