കശ്മീരില്‍ 5 സൈനികരും 2 അക്രമികളും കൊല്ലപ്പെട്ടു

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുള്ള അര്‍ധസൈനിക ക്യാംപിനു നേരെ നടന്ന ആക്രമണത്തില്‍ അഞ്ചു സൈനികരും രണ്ട് അക്രമികളും കൊല്ലപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 2.10ഓടെയാണ് പുല്‍വാമ ജില്ലയിലെ ലേത്‌പോറയിലുള്ള സിആര്‍പിഎഫ് പരിശീലന ക്യാംപിനു നേരെ ആയുധധാരികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ചു സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെടുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സൈന്യം നടത്തിയ തിരിച്ചടിയിലാണ് ക്യാംപിന് സമീപം ഒളിച്ചിരുന്ന രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടതെന്നും സിആര്‍പിഎഫ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ലേത്‌പോറയിലുള്ള സിആര്‍പിഎഫിന്റെ 185 ബറ്റാലിയന്‍ പരിശീലന ക്യാംപിന് നേരെ ഗ്രനേഡ് എറിയുകയും വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് സൈന്യം അറിയിച്ചു. ഒരു സൈനികന്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റു നാലുപേര്‍ ആശുപത്രിയിലാണ് മരണത്തിനു കീഴടങ്ങിയത്.
അണ്ടര്‍ ബാരല്‍ ഗ്രനേഡ് ലോഞ്ചറുകളും ഓട്ടോമാറ്റിക് ആയുധങ്ങളും ഉപയോഗിച്ചാണ് സായുധര്‍ ആക്രമണം നടത്തിയതെന്ന് സിആര്‍പിഎഫ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. ആക്രമണം നടന്ന ഉടന്‍ തന്നെ രാഷ്ട്രീയ റൈഫിള്‍സ്, സിആര്‍പിഎഫ്, സംസ്ഥാന പോലിസ് സേനാംഗങ്ങള്‍ ക്യാംപ് വളഞ്ഞു. തുടര്‍ന്നു നടത്തിയ തിരിച്ചടിയിലാണ് രണ്ട് ആയുധധാരികളെ വധിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ നൗഗാം സ്വദേശിയായ സൈഫുദ്ദീനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞയാഴ്ച ഒരു മേജറടക്കം നാല് ഇന്ത്യന്‍ പട്ടാളക്കാരെ പാകിസ്താന്‍ കൊലപ്പെടുത്തിയിരുന്നു. ഇതിനു തിരിച്ചടിയായി അതിര്‍ത്തിയിലെ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യ മൂന്ന് പാക് പട്ടാളക്കാരെ വധിച്ചതായി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതുവര്‍ഷത്തലേന്ന് സിആര്‍പിഎഫ് പരിശീലന കേന്ദ്രത്തിന് നേരെ ആക്രമണം ഉണ്ടായിരിക്കുന്നത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്താനിലെ സായുധസംഘടനയായ ജെഇഎം ഏറ്റെടുത്തതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. ആക്രമണ ഭീഷണിയെക്കുറിച്ച് സൂചന ലഭിച്ചിട്ടും ആക്രമണം തടയുന്നതില്‍ സുരക്ഷാസേന പരാജയപ്പെട്ടുവെന്ന് ജമ്മുകശ്മീര്‍ ഡിജിപി ശേഷ് പോള്‍ വെയ്ദ് പറഞ്ഞു. ആക്രമണം ദൗര്‍ഭാഗ്യകരമാണ്. പാകിസ്താന്‍ ആയുധധാരികളെ അയക്കുന്നിടത്തോളം കശ്മീരിലെ സുരക്ഷാ സേനയ്ക്കും ജനങ്ങള്‍ക്കും ഇത്തരം പ്രശ്‌നങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സായുധ ആക്രമണമുണ്ടാവുമെന്ന സൂചന കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഉണ്ടായിരുന്നുവെന്ന് വെയ്ദ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിആര്‍പിഎഫ് ക്യാംപിനു നേരെയുണ്ടായ ആക്രമണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശനയത്തിന്റെ പരാജയം വെളിവാക്കുന്നതാണെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

RELATED STORIES

Share it
Top