കശ്മീരില്‍ സൈനിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി വധിച്ചുശ്രീനഗര്‍: ജമ്മുകശ്മീരില്‍ സായുധസംഘം സൈനിക ഉദ്യോഗസ്ഥനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ലെഫ്റ്റനന്റ് ഉമര്‍ ഫയാസ് (22) എന്ന സൈനികനെയാണു കൊലപ്പെടുത്തിയത്. കുല്‍ഗാമിലുള്ള ബന്ധുവിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വീട്ടില്‍നിന്നു പുറപ്പെട്ടതായിരുന്നു ഉമര്‍ ഫയാസ്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലര്‍ച്ചെ മൂന്നു കിലോമീറ്റര്‍ അകലെ ഹാര്‍മന്‍ മേഖലയില്‍നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അക്രമികളുമായി ഏറ്റുമുട്ടിയപ്പോഴാണ് സൈനികന്‍ കൊല്ലപ്പെട്ടതെന്ന് സംശയിക്കുന്നതായി അധികൃതര്‍ അറിയിച്ചു. വളരെ അടുത്തുനിന്ന് വെടിയേറ്റ നിലയിലാണ് മൃതദേഹത്തിലെ പാടുകള്‍. തലയിലും വയറ്റിലും നെഞ്ചിലും വെടിയുണ്ടകള്‍ പതിച്ച നിലയിലായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ രണ്ടുപേര്‍ വീട്ടില്‍ അതിക്രമിച്ചെത്തിയാണ് ഫയാസിനെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സൈനികനെ തട്ടിക്കൊണ്ടുപോയ കാര്യം ബന്ധുക്കള്‍ അധികൃതരെ അറിയിച്ചിരുന്നില്ല. റാഞ്ചികളുടെ ഭീഷണി മൂലമാണ് അറിയിക്കാതിരുന്നതെന്നും അദ്ദേഹത്തെ വിട്ടയക്കുമെന്നാണ് കരുതിയതെന്നും ബന്ധുക്കള്‍ പറഞ്ഞു. 1994 ജൂണ്‍ 8ന് ജനിച്ച ഫയാസ് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സൈന്യത്തില്‍ ചേര്‍ന്നത്. ഇതാദ്യമായാണ് അവധിയെടുക്കുന്നത്. ഈ മാസം 25ന് തിരികെ ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. സൈനികന്റെ കൊലപാതകം ദുഃഖകരമാണെന്നും വിഘടിതപ്രവര്‍ത്തനങ്ങള്‍ക്കെതിരേ സൈന്യം തോളോടുതോള്‍ ചേര്‍ന്ന് പ്രതിരോധം തീര്‍ക്കുമെന്നും ലെഫ്റ്റനന്റ് ജനറല്‍ കമാന്‍ഡന്റ് അഭയ് കൃഷ്ണ പറഞ്ഞു. സൈനികനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവം അക്രമികളുടെ ഭീരുത്വമാണ് വെളിവാക്കുന്നതെന്ന് പ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രതികരിച്ചു. സംഭവത്തില്‍ ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയും മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അനുശോചിച്ചു.

RELATED STORIES

Share it
Top