കശ്മീരില്‍ വീണ്ടും ആക്രമണം; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ശ്രീനഗറില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ നടന്ന വെടിവയ്പില്‍ ജവാന്‍ കൊല്ലപ്പെട്ടു. ഫെബ്രു. 6ന് ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകനായ നവീദ് ജാട്ട് രക്ഷപ്പെട്ട കരണ്‍നഗറിലെ ആശുപത്രിക്ക് സമീപമുള്ള 23ാം നമ്പര്‍ ബറ്റാലിയന് നേരെയാണ് ആക്രമണമുണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെ ക്യാംപിലേക്ക് ആയുധധാരികള്‍ കടക്കാന്‍ ശ്രമിക്കുന്നത് ഗാര്‍ഡ് കാണുകയും ഇവര്‍ക്കെതിരേ വെടിയുതിര്‍ക്കുകയുമായിരുന്നു. പിന്നീട് ക്യാംപില്‍ തിരച്ചില്‍ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ക്യാംപിന് അടുത്തുള്ള ആള്‍പ്പാര്‍പ്പില്ലാത്ത കെട്ടിടത്തില്‍ ഒളിച്ചിരിക്കുകയായിരുന്നു സായുധര്‍. തുടര്‍ന്ന് സൈന്യവും സായുധരും തമ്മില്‍ വെടിവയ്പ് ഉണ്ടായതായി സൈനിക വക്താവ് അറിയിച്ചു.സുന്‍ജുവാനിലെ സൈനിക ക്യാംപില്‍ നടന്ന ആക്രമണത്തില്‍ അഞ്ചു സൈനികരും ഒരു സാധാരണക്കാരനും കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ ആക്രണം. അതേസമയം, സുന്‍ജുവാനിലെ സൈനിക ക്യാംപില്‍ ആക്രമണം നടത്തിയ ജയ്‌ശെ മുഹമ്മദ് പ്രവര്‍ത്തകര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു.

RELATED STORIES

Share it
Top