കശ്മീരില്‍ വീട് തകര്‍ക്കുന്ന ദൃശ്യം പ്രചരിപ്പിച്ചതിനു പിന്നില്‍ ദുരൂഹ ലക്ഷ്യം

ശ്രീനഗര്‍: മിസൈല്‍ അയച്ച് വീടു തകര്‍ക്കുന്ന വാട്‌സ്ആപ്പ് വീഡിയോ സൈന്യം പ്രചരിപ്പിച്ചത് കൃത്യമായ ലക്ഷ്യത്തോടെയെന്ന് ആരോപണമുയരുന്നു. പിഡിപിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ജമ്മുകശ്മീരിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനു കീഴിലാവുകയും ചെയ്തതിനു പിന്നാലെയാണ് വീഡിയോ പ്രചരിപ്പിച്ചത്. പോപ്ലാര്‍ മരങ്ങള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന പരമ്പരാഗത രീതിയിലുള്ള കശ്മീരി ഭവനം മിസൈല്‍ ഉപയോഗിച്ചു തകര്‍ക്കുന്ന 54 സെക്കന്റ് നീളുന്ന ദൃശ്യമാണ് പ്രചരിപ്പിച്ചത്. കശ്മീരില്‍ വരാനിരിക്കുന്നത് രക്തരൂഷിത ദിനങ്ങളാണെന്നും ആരെയും വെറുതെവിടില്ലെന്നുമുള്ള സന്ദേശമാണ് ഈ വീഡിയോയിലൂടെ കൈമാറാന്‍ ഉദ്ദേശിച്ചതെന്നാണ് ആരോപണം.
2016 ല്‍ ഷൂട്ട് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ പ്രചരിപ്പിച്ചത്. സൈന്യത്തിനെതിരേ വൈകാരിക പ്രതികരണത്തിലേക്ക് ജനങ്ങളെ എടുത്തെറിയുന്ന ഈ വീഡിയോ നയപരമായ തീരുമാനത്തിന്റെ ഭാഗമായാണു പുറത്തുവിട്ടതെന്നും വിഘടനവാദികളെ ഇരുമ്പുമുഷ്ടികൊണ്ട് നേരിടുമെന്നുള്ള സന്ദേശമാണ് ഇതിലൂടെ ഡല്‍ഹി കൈമാറാന്‍ ശ്രമിച്ചതെന്നും പേരു വെളിപ്പെടുത്താത്ത സൈനികനെ ഉദ്ധരിച്ച് ഹഫിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.
ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ട സമയത്ത് ചിത്രീകരിച്ചതാണ് ഈ വീഡിയോയെന്നും ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. സായുധര്‍ ഒളിച്ചിരിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ഈ വീട്ടിലേക്ക് മിസൈല്‍ അയച്ചത്. ആള്‍ത്താമസമുണ്ടായിരുന്ന വീട്ടിലേക്ക് അതൊന്നും പരിഗണിക്കാതെയായിരുന്നു സൈന്യം മിസൈല്‍ അയച്ചത്. ബുര്‍ഹാന്‍ വാനിയുടെ വധത്തിനു പിന്നാലെ പ്രക്ഷോഭങ്ങള്‍ ശക്തിയാര്‍ജിച്ചു. അതോടെ യുവാക്കള്‍ ധാരാളമായി വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സൈന്യം വെടിവച്ചുകൊല്ലുമ്പോള്‍ അതിന്റെ ഇരട്ടിപേര്‍ സായുധപ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നു കരുതപ്പെടുന്നു.
പിഡിപി സര്‍ക്കാര്‍ വീണതോടെ താഴ്‌വരയിലെ സ്ഥിതി കൂടുതല്‍ വഷളാവും.മാസങ്ങളായി സേനയുടെ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ സാന്നിധ്യവും കശ്മീരില്‍ കണ്ടുതുടങ്ങിയതായി ഹഫിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്യുന്നു. കശ്മീരില്‍ അടുത്തിടെ ചില റാലികളില്‍ പ്രത്യക്ഷപ്പെട്ട ഐഎസ് പതാകകളും സൈനിക നടപടിക്കു പിന്തുണ നേടാനുള്ള നീക്കമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top