കശ്മീരില്‍ വംശഹത്യക്ക് ആഹ്വാനം ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് ലോക്‌സഭാ ടിവിയില്‍ നിയമനം

ന്യൂഡല്‍ഹി: കശ്മീരില്‍ വംശഹത്യക്ക് ആഹ്വാനം ചെയ്യുകയും സിഖ് കൂട്ടക്കൊലയെ ന്യായീകരിക്കുകയും ചെയ്ത മാധ്യമ പ്രവര്‍ത്തകയ്ക്ക് സര്‍ക്കാര്‍ ചാനലായ ലോക്‌സഭാ ടിവിയില്‍ നിയമനം. സ്ഥിരമായി വെറുപ്പും വിദ്വേഷവും നിറഞ്ഞ ട്വീറ്റുകള്‍ ചെയ്യുന്ന ജാഗൃതി ശുക്ലയ്ക്കാണ് ലോക്‌സഭാ ടിവിയില്‍ നിയമനം നല്‍കിയതായി സ്ഥിരീകരിക്കപ്പെട്ടത്. @ഖമഴൃമശേസടവൗസഹമ29 എന്ന ഐഡിയില്‍ നിന്നുള്ള ട്വീറ്റുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ കുപ്രസിദ്ധി നേടിയ മാധ്യമ പ്രവര്‍ത്തകയാണ് ജാഗൃതി.
നിയമനം സ്ഥിരീകരിച്ചുകൊണ്ട് തന്റെ പുതിയ നിയമനത്തില്‍ അഭിനന്ദിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റുകള്‍ ജാഗൃതി ട്വിറ്ററില്‍ ഇട്ടിട്ടുണ്ട്. ലോക്‌സഭാ ടിവി വെബ്‌സൈറ്റിലെ അസിസ്റ്റന്റ് പ്രൊഡ്യൂസര്‍ തിരഞ്ഞെടുപ്പ് പട്ടികയിലും ജാഗൃതിയുടെ പേരുണ്ട്.
സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ ഫോളോ ചെയ്യുന്ന വ്യക്തിയാണ് ജാഗൃതി. 2016ല്‍ കശ്മീരില്‍ സുരക്ഷാ സേനയും ജനങ്ങളും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായ വേളയില്‍ ജാഗൃതിയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു: ഈ ഭീകരന്മാരെയും അവരുടെ സഹായികളെയും തുരത്താന്‍ ഒരു വംശഹത്യ ആവശ്യമാണെങ്കില്‍ നമുക്കത് ചെയ്യാം. ട്വീറ്റ് വന്‍ വിവാദമായതോടെ അവര്‍ അത് ഡിലീറ്റ് ചെയ്തു.
എന്നാല്‍, അവരുടെ അക്കൗണ്ടില്‍ നിന്നു തുടര്‍ന്നു മുസ്‌ലിംകളോടും ദലിതുകളോടും ലിബറലുകളോടും വിദ്വേഷവും മുന്‍വിധിയും പുലര്‍ത്തുന്ന നിരവധി ട്വീറ്റുകള്‍ പുറത്തുവന്നു. അതിലൊന്ന് 1984ലെ സിഖ് കൂട്ടക്കൊലയെ ന്യായീകരിക്കുന്നതായിരുന്നു. സിഖുകാര്‍ അത് അര്‍ഹിക്കുന്നുവെന്നായിരുന്നു ജാഗൃതിയുടെ അഭിപ്രായം.
മറ്റൊരു ട്വീറ്റില്‍ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ കൊലയെ ജാഗൃതി ന്യായീകരിച്ചു. 2017 സപ്തംബര്‍ 5ന് ഹിന്ദുത്വരാണ് ഗൗരിയെ വെടിവച്ചുകൊന്നത്. മറ്റൊരു ട്വീറ്റില്‍ കൊലയുടെ ഉത്തരവാദിത്തം ഇടതു തീവ്ര സംഘടനകളുടെ തലയില്‍ കെട്ടിവയ്ക്കാനും അവര്‍ ശ്രമിച്ചു.
2016 ജൂലൈയില്‍ ജാഗൃതി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റില്‍ പറയുന്നത്, ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂനിയന്‍ പ്രസിഡന്റായിരുന്ന കനയ്യ കുമാറിനെ കൊല്ലണമെന്നാണ്. കശ്മീര്‍ താഴ്‌വരയിലുള്ള എല്ലാറ്റിനെയും കൊല്ലണമെന്നും ഇതേ പോസ്റ്റില്‍ ജാഗൃതി ആവശ്യപ്പെടുന്നു.
മാരകായുധങ്ങള്‍ കൈയില്‍ കൊണ്ടുനടക്കണമെന്നും ആവശ്യമെങ്കില്‍ അത് ഉപയോഗിച്ചു കൊല നടത്തണമെന്നും മറ്റൊരു പോസ്റ്റില്‍ ജാഗൃതി ആഹ്വാനം ചെയ്തു. 2018 ജനുവരി 26ന് ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ ഉണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടായിരുന്നു പോസ്റ്റ്. അവര്‍ നമ്മളെ ട്രെയിനില്‍ കൊന്നു, വിമാനങ്ങള്‍ ഹൈജാക്ക് ചെയ്തു. കശ്മീരില്‍ നിന്ന് ഓടിപ്പോവാന്‍ നിര്‍ബന്ധിതരാക്കി. ഇപ്പോള്‍ ത്രിവര്‍ണ പതാക പിടിക്കുന്നതിന്റെ പേരില്‍ അവര്‍ നമ്മളെ കൊല്ലുകയാണ്. സത്യമെന്താണെന്നു വച്ചാല്‍ നമ്മളാണ് ഭയന്നു ജീവിക്കുന്നത്. അവര്‍ക്ക് ഭയമില്ല. ഇനി വേണ്ട, എല്ലായ്‌പ്പോഴും ആയുധങ്ങള്‍ കരുതുക. അവര്‍ നമ്മളെ കൊല്ലും മുമ്പ് നാം അവരെ കൊല്ലുക- ഇതായിരുന്നു ട്വീറ്റ്.
കാസ്ഗഞ്ചില്‍ ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങ് സംഘടിപ്പിച്ച മുസ്‌ലിംകളെ സംഘപരിവാരം ആക്രമിക്കുകയും തുടര്‍ന്ന്, ദേശീയ പതാക ഉയര്‍ത്താന്‍ ശ്രമിച്ച തങ്ങളെ മുസ്‌ലിംകള്‍ ആക്രമിച്ചു എന്നു പ്രചരിപ്പിക്കുകയുമായിരുന്നു. ഈ പ്രചാരണമാണ് ജാഗൃതി ഏറ്റെടുത്തിരിക്കുന്നത്. ദലിതുകളെ അപമാനിക്കുന്ന നിരവധി പോസ്റ്റുകളും ജാഗൃതിയുടെ വകയായി ഉണ്ട്.
ചില സാമൂഹിക വിഭാഗങ്ങളെക്കുറിച്ച് മുന്‍വിധി വച്ചുപുലര്‍ത്തുകയും പരസ്യമായ അക്രമത്തിന് ആഹ്വാനം ചെയ്യുകയും ചെയ്യുന്ന ഒരാളെ ലോക്‌സഭാ ടിവിയുടെ കണ്‍സള്‍ട്ടന്റ് ആക്കിയത് തികച്ചും അനുചിതമായ നടപടിയാണെന്നു സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.

RELATED STORIES

Share it
Top