കശ്മീരില്‍ രണ്ടു ലശ്കര്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലശ്കറെ ത്വയ്യിബ കമാന്‍ഡറടക്കം രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു ലശ്കര്‍ പ്രവര്‍ത്തകന്‍ കീഴടങ്ങിയിട്ടുണ്ട്. ശക്കൂര്‍ധര്‍ ആണ് മരിച്ച ലശ്കര്‍ ഡിവിഷനല്‍ കമാന്‍ഡര്‍. സായുധരുടെ സാന്നിധ്യമുണ്ടെന്ന വിവരമറിഞ്ഞെത്തിയ സുരക്ഷാസേനയ്ക്കു നേരെ വെടിവയ്പ് നടന്നു. സൈന്യം തിരിച്ചടിച്ചതോടെയാണ് രണ്ടു സായുധര്‍ കൊല്ലപ്പെട്ടത്. മരിച്ച രണ്ടാമനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ പാക് പൗരനാണെന്ന് കരുതുന്നതായി പോലിസ് പറഞ്ഞു.
കീഴടങ്ങിയ ലശ്കര്‍ പ്രവര്‍ത്തകന്റെ പേര് പുറത്തുവിട്ടിട്ടില്ല. അതേസമയം, അനന്ത്‌നാഗ് ജില്ലയില്‍ രണ്ടു ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ഇവരില്‍ നിന്നു ഗ്രനേഡ് കണ്ടെടുത്തു. തെക്കന്‍ കശ്മീരിലെ പുതിയ ദേശീയപാതയില്‍ സുരക്ഷാസേന സ്ഥാപിച്ച ചെക്‌പോയിന്റില്‍ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരും പിടിയിലായതെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top