കശ്മീരില്‍ മൂന്നിടങ്ങളില്‍ ഏറ്റുമുട്ടല്‍; 11 പേര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു-കശ്മീരില്‍ മൂന്നിടങ്ങളിലുണ്ടായ ഏറ്റുമുട്ടലുകളില്‍ എട്ട് സായുധര്‍ ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍ രണ്ടു സാധാരണക്കാരും രണ്ടു സൈനികരും മരിച്ചതായും സൈന്യം അറിയിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരില്‍ സായുധ സംഘടനകളുടെ കമാന്‍ഡര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. ഷോപിയാന്‍, അനന്ത്‌നാഗ് ജില്ലകളിലും കച്ച്ദൂര ഗ്രാമത്തിലുമായിരുന്നു ഏറ്റുമുട്ടല്‍.
അനന്ത്‌നാഗ് ജില്ലയിലെ പെത്ത് ഡയല്‍ഗാം മേഖലയിലുണ്ടായ ആക്രമണത്തിലാണ് സാധാരണക്കാരും ഒരു അക്രമിയും കൊല്ലപ്പെട്ടത്. ഇവിടെ അക്രമികളിലൊരാള്‍ പോലിസിന്റെ പിടിയിലായി. ഷോപിയാനിലെ ഡ്രഗാഡ് ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിലാണ് ഏഴു സായുധരും രണ്ടു സൈനികരും കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ പുലര്‍ച്ചെ വരെ നീണ്ടതായി ജമ്മു-കശ്മീര്‍ ഡിജിപി എസ് പി വൈദ് അറിയിച്ചു.
പോലിസ്, സൈന്യം, അതിര്‍ത്തി രക്ഷാസേന എന്നിവ സംയുക്തമായാണ് ഏറ്റുമുട്ടലില്‍ പങ്കെടുത്തത്. നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പിടിച്ചെടുത്തതായും ഡിജിപി അറിയിച്ചു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ തെക്കന്‍ കശ്മീരിലെ ചില ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞു.

RELATED STORIES

Share it
Top