കശ്മീരില്‍ കാണാതായവര്‍: നിഷ്പക്ഷ അന്വേഷണം വേണമെന്ന് എപിഡിപി

ശ്രീനഗര്‍: 2005 ജൂണ്‍ 13ന് ശ്രീനഗറിലെ പൂഞ്ച്, സുരന്‍കോട്ട്, സങ്‌ലിയാന എന്നിവിടങ്ങളില്‍ നിന്ന് കാണാതായ അഞ്ച് തൊഴിലാളികളെ കണ്ടെത്താനായി പ്രത്യേക അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയ ജമ്മുകശ്മീര്‍ ഹൈക്കോടതി തീരുമാനത്തെ അപ്രത്യക്ഷരായവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മ (എപിഡിപി) സ്വാഗതംചെയ്തു. ജമ്മുകശ്മീര്‍ റൈഫിള്‍സില്‍ ജോലിചെയ്യുന്നയാളെന്ന വ്യാജേന അബ്ദുല്‍ ഖയ്യൂം എന്നയാള്‍ 1000 രൂപ മുന്‍കൂറായി നല്‍കിയാണ് തൊഴിലാളികളെ തട്ടിയെടുത്തത്. ഇതിനു ശേഷം അവരെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. തുടര്‍ന്ന് ഖയ്യൂമിനെ പോലിസ് അറസ്റ്റ് ചെയ്‌തെങ്കിലും സൈന്യത്തിലെയും പോലിസിലെയും ഉന്നത ഇടപെടല്‍ കാരണം വിട്ടയച്ചു. ഹൈക്കോടതിയുടെ പുതിയ ഉത്തരവ് കാണാതായവരുടെ കുടുംബങ്ങള്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കിയിരിക്കുകയാണ്. ജമ്മുകശ്മീരില്‍ യുവാക്കളെ കാണാതാവുന്നുണ്ടെന്ന് സര്‍ക്കാര്‍ സമ്മതിക്കണം. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും വേണം. യുവാക്കളെ കാണാതാവുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരണം. കാണാതായ 8000 യുവാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്നും എപിഡിപി ആവശ്യപ്പെട്ടു.കാണാതായവരെ സംരക്ഷിക്കുന്നതിനായുള്ള അന്താരാഷ്ട്ര നിയമം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. യുവാക്കളെ കാണാതാവുന്നതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനും നിയമത്തിനു മുമ്പില്‍ കൊണ്ടുവരാനും സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. ശിക്ഷിക്കപ്പെടുകയില്ലെന്ന ധൈര്യത്താല്‍ നിരവധി കുറ്റകൃത്യങ്ങളാണ് ജമ്മുകശ്മീരില്‍ സൈന്യം നടത്തുന്നത്. കുറ്റവാളികളെ സംരക്ഷിക്കുകയും അവര്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ ഇരകളെയും കേസുകളും അവഗണിക്കുന്നു. എപിഡിപി പറഞ്ഞു.അന്താരാഷ്ട്ര ഫോറന്‍സിക് സ്ഥാപനത്തിന്റെ മേല്‍നോട്ടത്തില്‍ കാണാതായവരെ കുറിച്ച് സമര്‍പ്പിച്ച ഫോറന്‍സിക് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. അന്വേഷണത്തില്‍ ഡിഎന്‍എ പരിശോധനയടക്കം ഉള്‍പ്പെടുത്തണമെന്നും കാണാതായവരുടെ രക്ഷിതാക്കളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top