കശ്മീരില്‍ ഏറ്റുമുട്ടല്‍: ജയ്‌ശെ മുഹമ്മദ് കമാന്‍ഡര്‍ മരിച്ചു

ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലില്‍ ജയ്‌ശെ മുഹമ്മദിന്റെ ഉന്നത കമാന്‍ഡര്‍ നൂര്‍ മുഹമ്മദ് തന്ത്രായ് കൊല്ലപ്പെട്ടെന്നു സൈനിക വൃത്തങ്ങള്‍ അറിയിച്ചു. തെക്കന്‍ കശ്മീരിലെ പുല്‍വാമയിലാണ് ഏറ്റുമുട്ടലുണ്ടായത്. കശ്മീര്‍ താഴ്‌വരയിലെ ജയ്‌ശെ മുഹമ്മദിന്റെ സായുധ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനു പിന്നിലെ തലച്ചോര്‍ തന്ത്രായിയുടേതായിരുന്നുവെന്നു പോലിസ് പറഞ്ഞു.
ഏറ്റുമുട്ടലിനിടെ തന്ത്രായിയുടെ രണ്ടു കൂട്ടാ—ളികള്‍ രക്ഷപ്പെട്ടു. ഇവര്‍ വിദേശികളാണെന്നാണു കരുതുന്നത്. ഇവരെ ഉടന്‍ പിടികൂടുമെന്നും പോലിസ് പറഞ്ഞു. പുല്‍വാമയില്‍ സായുധര്‍ സമ്മേളിച്ചിട്ടുണ്ടെന്നും സൈനികവ്യൂഹത്തിനു നേരെ ആക്രമണം നടത്താന്‍ അവര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നുമുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണു തിരച്ചില്‍ ആരംഭിച്ചത്. കൊല്ലപ്പെട്ട 47 കാരനായ തന്ത്രായ് നിരവധി ആക്രമണക്കേസുകളില്‍ പിടികിട്ടേണ്ട ആളാണെന്നും പോലിസ് പറഞ്ഞു.
ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ ബിഎസ്എഫ് ക്യാംപിന് നേരെ നടത്തിയ ആക്രമണത്തിലും ഇയാള്‍ക്കു പങ്കുണ്ടായിരുന്നു. സായുധര്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന വീടിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നു രാവിലെയാണു തന്ത്രായിയുടെ മൃതദേഹം കണ്ടെടുത്തത്. സമീപത്ത് ആയുധവുമുണ്ടായിരുന്നു. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ആസൂത്രകനായ ഘാസി ബാബയുടെ അടുത്ത കൂട്ടാളിയായ തന്ത്രായിയെ 2003ല്‍ ഒരു കേസില്‍ ശിക്ഷിച്ചിരുന്നു. 2015ല്‍ പരോളില്‍ ഇറങ്ങിയ തന്ത്രായ് മുങ്ങുകയായിരുന്നുവെന്നും പോലിസ്  പറഞ്ഞു.

RELATED STORIES

Share it
Top