കശ്മീരിലെ കരളലിയിപ്പിക്കുന്ന നേര്‍സാക്ഷ്യം വിവരിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

കൊണ്ടോട്ടി: കശ്മീരിലെ മഞ്ഞുതാഴ്‌വരയില്‍ കാപാലികരുടെ ക്രൂരതകള്‍ക്കിരയായി കൊല്ലപ്പെട്ട പിഞ്ചു ബാലികയുടെ കുടുംബത്തിന്റെ നേര്‍ക്കാഴ്ച വിവരിച്ച് മുസ്‌ലിം ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എംപി. കൊണ്ടോട്ടി മണ്ഡലം എംഎസ്എഫ് കമ്മിറ്റി സംഘടിപ്പിച്ച സംവാദത്തിലാണ് ഇ ടി കശ്മീരിലെ ആസിഫ എന്ന പിഞ്ചുകുഞ്ഞിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതടക്കമുളള വിവരങ്ങള്‍ പറഞ്ഞത്.
സംവാദം ഇന്ത്യയിലെ ന്യൂനപക്ഷ, ദലിത് രാഷ്ട്രീയത്തിലെ പ്രതീക്ഷകളും പ്രതിസന്ധികളുടെയും നേര്‍സാക്ഷ്യമായി. ഇന്ത്യയിലെ ജനാധിപത്യ, മതേതര ജനനതയ്ക്ക് പ്രതീക്ഷയേകി. ഫാഷിസ്റ്റുകള്‍ക്കെതിരേ ശക്തമായ പ്രതികരണവും, ഇടപെടലുകളുമായി ഇ ടിയുടെ നേതൃത്വത്തില്‍ മുസഫര്‍നഗര്‍, ജാര്‍ഖണ്ഡ്, അസം തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നടന്നുവരുന്ന പ്രവര്‍ത്തനങ്ങളും വിശദീകരിച്ചു. ഉടന്‍ വിപ്ലവം എന്ന മുദ്രാവാക്യവുമായി യുവാക്കളെ വഴിതെറ്റിക്കുന്നവരെ കരുതിയിരിക്കണമെന്നും ഇടി പറഞ്ഞു.
വാഴക്കാട് മപ്രത്തെ ഇടിയുടെ വീട്ടുമുറ്റത്ത് നടന്ന ചടങ്ങില്‍ എസ്ടിയു സംസ്ഥാന പ്രസിഡന്റുമായ അഹമ്മദ് കുട്ടി ഉണ്ണിക്കുളം, പി വി അഹമ്മദ് ഷാജു, ഷറീനാ ഹസീബ്, അഡ്വ. എം കെ സി നൗഷാദ്, കെ ടി സക്കീര്‍ ബാബു, പി കെ ഷാഹുല്‍ ഹമീദ്, കെ എം ഇസ്മയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top