കശ്മീരികള്‍ക്കെതിരായ ടിവി പ്രചാരണത്തിനെതിരേ ദിനേശ്വര്‍ ശര്‍മന്യൂഡല്‍ഹി: കശ്മീരികള്‍ക്കെതിരേ വാര്‍ത്താ ചാനലുകള്‍ മോശം പ്രചാരണം നടത്തുന്നതിനെതിരേ ജമ്മുകശ്മീരില്‍ കേന്ദ്രം നിയമിച്ച പ്രത്യേക പ്രതിനിധി ദിനേശ്വര്‍ ശര്‍മ. ചില ടെലിവിഷന്‍ ചാനലുകളുടെ മേധാവികളുടെ യോഗം വിളിച്ചുകൂട്ടി, ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനോട് അഭ്യര്‍ഥിച്ചു.
കശ്മീര്‍ താഴ്‌വരയിലെ സംഭവങ്ങള്‍ സംബന്ധിച്ച് അതിശയോക്തി നിറഞ്ഞ വാര്‍ത്തകളാണു പതിവായി നാലു വാര്‍ത്താ ചാനലുകളെങ്കിലും പ്രചരിപ്പിക്കുന്നത്. ഇതുമൂലം കേന്ദ്രത്തിന്റെ ചര്‍ച്ചയും സമാധാനപ്രക്രിയയും പരാജയപ്പെടുകയാണെന്ന് ശര്‍മയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
ചാനലുകളിലെ ചര്‍ച്ചകളില്‍ കശ്മീരികള്‍ക്കെതിരേ തീവ്ര വിമര്‍ശനമാണു വരുന്നത്. സര്‍ക്കാരിനെതിരേ വിദ്വേഷത്തിന്റെ വിത്തുപാകാന്‍ വിഭജനവാദികള്‍ക്ക് അത് അവസരം നല്‍കുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശര്‍മയുടെ ആശങ്ക ടെലിവിഷന്‍ ചാനലുകളുമായി പങ്കുവയ്ക്കും. കശ്മീര്‍ താഴ്‌വരയിലെ സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുമ്പോള്‍ ചാനലുകള്‍ അതിരുകടക്കുന്നത് പരിഹരിക്കാന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി നിരവധി തവണ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ വാര്‍ത്താ ചാനലുകള്‍ കശ്മീരിനെ നിഷേധാത്മക വെളിച്ചത്തില്‍ ചിത്രീകരിക്കുന്നുവെന്ന് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരുന്നു.
ദക്ഷിണ കശ്മീരിലെ നാലോ അഞ്ചോ സ്‌കൂളുകളിലെ കുട്ടികള്‍ മാത്രമാണ് സുരക്ഷാസേനയ്ക്ക് നേരെ കല്ലേറ് നടത്തിയതെന്ന് ആ മേഖലയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, 2016ല്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ശേഷം 50,000 സ്‌കൂളുകളിലെയും കോളജുകളിലെയും വിദ്യാര്‍ഥികള്‍ കലാപം അഴിച്ചുവിട്ടുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. റിപബ്ലിക് ടിവി, ടൈംസ് നൗ, ഇന്ത്യാ ടുഡേ ടിവി, സീ ടിവി എന്നിവയാണ് പ്രധാനമായും ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുന്നത്.

RELATED STORIES

Share it
Top