കശുവണ്ടിക്ക് കിലോയ്ക്ക് 150 രൂപ; പ്രതീക്ഷയോടെ കര്‍ഷകര്‍

കാസര്‍കോട്: കശുവണ്ടി വിളവെടുപ്പ് സമയമായതോടെ കര്‍ഷകരില്‍ പ്രതീക്ഷയേറുന്നു. കിലോഗ്രാമിന് 150 രൂപ മുതല്‍ 155 രൂപവരേയാണ് ഇപ്പോള്‍ വില ലഭിക്കുന്നത്. സംസ്ഥാനത്ത് കശുവണ്ടി ഉല്‍പാദനത്തില്‍ രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ജില്ലയുടെ മലയോര, അതിര്‍ത്തി മേഖലകളില്‍ കശുമാവുകള്‍ ധാരാളമായി പൂത്തിട്ടുണ്ട്. ഈ വര്‍ഷം നല്ല കാലാവസ്ഥയുള്ളതിനാല്‍ കൂടുതല്‍ ഉല്‍പാദനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍. വിളവെടുപ്പ് ആരംഭിക്കുമ്പോള്‍ തന്നെ കിലോവിന് 150 രൂപയിലധികം വില ലഭിക്കുന്നത് കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. നേരത്തെ റബറിന് വഴിമാറി കശുമാവുകള്‍ വ്യാപകമായി മുറിച്ചുമാറ്റിയിരുന്നു. ഇതോടെ ജില്ലയിലെ കശുവണ്ടി കൃഷി ഉല്‍പാദനം കുത്തനെ കുറഞ്ഞിരുന്നു. എന്നാല്‍ അടുത്തകാലത്തായി കര്‍ഷകര്‍ വീണ്ടും കശുമാവ് കൃഷിയില്‍ വ്യാപൃതമായതോടെ ഇപ്പോള്‍ ധാരാളം സ്ഥലങ്ങളില്‍ കൃഷിചെയ്തുവരുന്നുണ്ട്. പ്ലാന്റേഷന്‍കോര്‍പറേഷന്റെ എസ്റ്റേറ്റുകളിലുള്ള കശുമാവിന് തോട്ടങ്ങള്‍ ഈ വര്‍ഷം ലേലത്തിനെടുത്തത് കഴിഞ്ഞ വര്‍ഷത്തിനേക്കാള്‍ പത്തിരട്ടി കൂടുതല്‍ തുക നല്‍കിയാണ്. മുളിയാര്‍, ആദൂര്‍, ചോക്കമൂല, കോട്ടൂര്‍, വാണിനഗര്‍, പെര്‍ള, പെരിയ, ചീമേനി, രാജപുരം തുടങ്ങിയ സ്ഥലങ്ങളിലായി 4569 ഹെക്ടര്‍സ്ഥലത്ത് പ്ലാന്റേഷന്‍ കോ ര്‍പറേഷന്റെ കശുമാവിന്‍ തോട്ടങ്ങളുണ്ട്. കഴിഞ്ഞ വര്‍ഷം കശുവണ്ടി വികസന കോര്‍പറേഷനാണ് ജില്ലയിലെ കശുവണ്ടി ശേഖരിച്ചത്. കൊല്ലത്തെ കശുവണ്ടി ഫാക്ടറികള്‍ക്ക് വേണ്ടിയായിരുന്നു കശുവണ്ടി ശേഖരിച്ചിരുന്നത്. ഇതില്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വിലയും ലഭിച്ചിരുന്നു. പ്ലാന്റേഷന്‍ കോര്‍പറേഷന്റെ കശുവണ്ടിയും കശുവണ്ടി വികസന കോര്‍പറേഷനാണ് ശേഖരിച്ചിരുന്നത്. കശുവണ്ടിക്ക് മുമ്പ് ഉണ്ടാകുന്ന പൂക്കള്‍ കരിഞ്ഞ് പോകുന്നത് കര്‍ഷകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനവും കീടശല്യവുമാണ് ഇവയ്ക്ക് കാരണം. അതേസമയം ഇവയ്ക്ക് ശാസ്ത്രീയമായ പരിഹാര മാര്‍ഗങ്ങളുണ്ടെന്നും അവ ചെയ്യാത്തതാണ് പ്രശ്‌നമെന്നും അധികൃതര്‍ പറയുന്നു. രാജ്യത്ത് ഏറ്റവുമധികം ഉല്‍പാദനം ഉണ്ടായിരുന്ന സംസ്ഥാനം ഇപ്പോള്‍ നാലാം സ്ഥാനത്താണ്. കര്‍ണാടകയിലെ പുത്തൂര്‍, സുള്ള്യ, ഗാളിമുഖ തുടങ്ങിയ സ്ഥലങ്ങളിലുള്ള കശുവണ്ടി ഫാക്ടറികള്‍ കൂടുതല്‍ വില നല്‍കി കശുവണ്ടി ശേഖരിക്കുന്നുണ്ട്.

RELATED STORIES

Share it
Top