കശാപ്പ് നിരോധനം : പ്രത്യേക നിയമസഭാ സമ്മേളനം നാളെ

തിരുവനന്തപുരം: കന്നുകാലികളെ വില്‍ക്കുന്നതിനും കശാപ്പിനും നിരോധനമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചര്‍ച്ച ചെയ്യാന്‍ നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരും. 14ാം കേരള നിയമസഭയുടെ ആറാം സമ്മേളനമാണ് നാളെ രാവിലെ ഒമ്പതിനു ചേരുക.

സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുത്ത് കന്നുകാലി കശാപ്പ് വിലക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഉണ്ടായേക്കാവുന്ന ഗുരുതര സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനാണ് ഒരുദിവസത്തെ സമ്മേളനം ചേരുന്നത്.വിഷയത്തില്‍ പൊതു അഭിപ്രായരൂപീകരണത്തിനാവും സര്‍ക്കാര്‍ നീക്കം.

കശാപ്പ് നിയന്ത്രണം ചര്‍ച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ കഴിഞ്ഞ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കന്നുകാലിക്കച്ചവടം സംബന്ധിച്ച കേന്ദ്ര വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സമ്മേളനത്തില്‍ പ്രമേയം പാസാക്കും. കേന്ദ്ര ഉത്തരവ് മറികടക്കുന്നതിനായുള്ള നിയമനിര്‍മാണവും ചര്‍ച്ചയാവും. കന്നുകാലിക്കച്ചവടം നിയന്ത്രിച്ച് കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം രാജ്യത്തുടനീളം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയല്‍ നിയമം- 2017 എന്ന പേരിലാണ് കേന്ദ്രസര്‍ക്കാരിന് വേണ്ടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. കാള, പശു, പോത്ത്, എരുമ, ഒട്ടകം എന്നിവയെല്ലാം നിയന്ത്രണ പട്ടികയില്‍പ്പെടും. കന്നുകാലികളെ  കൊല്ലില്ലെന്ന സത്യവാങ്മൂലം നല്‍കാതെ വില്‍പന നടത്തരുതെന്നും  കാലികളെ വാങ്ങുന്നയാള്‍ കൃഷിക്കാരനാണെന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവ് നിര്‍ദേശിക്കുന്നു. മതാചാരച്ചടങ്ങുകളുടെ ഭാഗമായി കന്നുകാലികളെ ബലികൊടുക്കുന്നതും വിജ്ഞാപനത്തിലൂടെ നിരോധിച്ചിരുന്നു.

RELATED STORIES

Share it
Top