കശാപ്പിനായി മൃഗങ്ങളെ വില്‍ക്കുന്നത് നിരോധിച്ചുന്യൂഡല്‍ഹി: രാജ്യത്ത് കശാപ്പിനായി മൃഗങ്ങളെ വില്‍ക്കുന്നത് നിരോധിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മതപരമായ ചടങ്ങുകളില്‍ മൃഗബലി പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. ഇനിമുതല്‍ കര്‍ഷകര്‍ക്ക് മാത്രമേ മൃഗങ്ങളെ വില്‍പ്പന നടത്താനാകൂ. മൃഗങ്ങളെ വാങ്ങുന്നവരും വില്‍ക്കുന്നവരും കര്‍ഷകരാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം. ഇവര്‍ പിന്നീട് ആറ് മാസത്തേക്ക് മൃഗങ്ങളെ മറിച്ച് വില്‍ക്കാന്‍ പാടില്ല. സംസ്ഥാനത്തിന് പുറത്തേക്കുള്ള വില്‍പ്പനക്കും നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്.
കാള, കന്നുകുട്ടി, പശു, പോത്ത്, ഒട്ടകം എന്നിവ നിരോധനത്തിന്റെ പരിധിയില്‍ വരും. സംസ്ഥാന അതിര്‍ത്തിക്ക് 25 കിലോമീറ്റര്‍ ചുറ്റളവില്‍ കന്നുകാലി ചന്തകള്‍പാടില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
മൃഗങ്ങളോടുള്ള ക്രൂരത(വളര്‍ത്തുമൃഗ വിപണി നിയന്ത്രണം) നിയമം 2017 എന്ന പേരില്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. അറവിനായല്ല വില്‍ക്കുന്നത് എന്ന സത്യപ്രസ്താവന ഹാജരാക്കിയാല്‍ മാത്രമേ മൃഗങ്ങളെ ചന്തയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കൂ എന്ന് ഉത്തരവില്‍ പറയുന്നു.
മൃഗസംരക്ഷണം സംസ്ഥാന സര്‍ക്കാരുകളുടെ അധികാര പരിധിയില്‍ വരുന്നതായതിനാല്‍ ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച സാങ്കേതിക പ്രശ്‌നങ്ങള്‍ ഇതോടൊപ്പം ഉയര്‍ന്നുവരുന്നുണ്ട്.

ഉത്തരവിലെ പ്രസക്തഭാഗങ്ങള്‍:

  • സ്വന്തമായി കൃഷിഭൂമി ഉള്ളവര്‍ക്ക് മാത്രമേ മൃഗങ്ങളെ വില്‍പ്പന നടത്താനാകൂ.

  • അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഉത്തരവ് നിലവില്‍വരും.

  • മെയ് 23ന് പ്രസിദ്ധീകരിച്ച അസാധാരണ ഗസറ്റിലാണ് ഉത്തരവ് സംബന്ധിച്ച വിവരങ്ങളുള്ളത്.

  • കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് ഉത്തരവ് പുറത്തിറക്കിയത്.

  • മൃഗങ്ങളുടെ മേല്‍ പെയിന്റടിക്കാന്‍ പാടില്ല.

RELATED STORIES

Share it
Top