കവ്വായി അക്രമം: 200 പേര്‍ക്കെതിരേ കേസ്

പയ്യന്നൂര്‍: കവ്വായിയില്‍ കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ ബോംബേറും അക്രമവും അരങ്ങേറിയ സംഭവത്തില്‍ ആറു കേസുകളിലായി അഞ്ചുപേര്‍ റിമാന്‍ഡില്‍. വിവിധ പരാതികളില്‍ 200ഓളം പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. കവ്വായിയിലെ ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകരായ കെ മുകേഷ് (31), ഇ അനൂപ് (30), കെ രഞ്ജിത്ത് (30), കെ ബിനീഷ് (32), മുഹമ്മദ് ഹാഷിം( 29) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. രജിസ്റ്റര്‍ ചെയ്ത ആറു കേസുകളിലും ഇവര്‍ അഞ്ചുപേര്‍ പ്രതികളായതിനാല്‍ ആകെ 30 അറസ്റ്റ് രേഖപ്പെടുത്തി. കവ്വായിയിലെ ഖദീജ മന്‍സിലില്‍ ഹബീബുര്‍റഹ്്മാന്റെ പരാതിയില്‍ വീടാക്രമണം, മൂന്ന് വാഹനങ്ങളുടെ ചില്ല് തകര്‍ക്കല്‍ എന്നിവയില്‍ 50000 രൂപയുടെ നഷ്ടമുണ്ടായി. പെരുമ്പയിലെ കെ പി സലീമിന്റെ പരാതിയില്‍ വീടാക്രമണം, വാഹനങ്ങള്‍ തകര്‍ക്കല്‍ എന്നിവയില്‍ അഞ്ചുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. കവ്വായിയിലെ മുഹമ്മദ് അനീസിന്റെ പരാതിയില്‍ വീടാക്രമണവും രണ്ടു സ്‌കൂട്ടര്‍ നശിപ്പിച്ചതിലുമായി ഒരുലക്ഷം രൂപയുടെ നഷ്ടമുള്ളതായും പരാതിയില്‍ പറയുന്നു. വിവിധ സംഭവങ്ങളില്‍ കണ്ടാലറിയുന്ന 200ഓളം ഡിവൈഎഫ്‌ഐ-സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തത്. അക്രമത്തില്‍ ഒമ്പതു വീടുകളും 17 വാഹനങ്ങളും തകര്‍ന്നു. അതിനിടെ, അക്രമത്തിനിരയായ വീടുകളും വാഹനങ്ങളും കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് എംഎസ്എഫ് മണ്ഡലം കമ്മിറ്റി പയ്യന്നൂരില്‍ കൂട്ടായ്മ നടത്തി. കെ ടി സഹദുല്ല ഉദ്ഘാടനം ചെയ്തു.

RELATED STORIES

Share it
Top