കവിതയുടെ പരിഭാഷ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചതിന് പോലിസിന്റെ ഭീഷണി

കോഴിക്കോട്: പോലിസിനെതിരേയുള്ള വെനിസ്വേലന്‍ കവിതയുടെ പരിഭാഷ സ്വന്തം ഫേസ്ബുക് വോളില്‍ പ്രസിദ്ധീകരിച്ച എസ്എഫ്‌ഐ നേതാവിനെതിരേ പോലിസിന്റെ സൈബര്‍ ആക്രമണവും ഭീഷണിപ്പെടുത്തലും. എസ്എഫ്‌ഐ കുണ്ടറ ഏരിയാ കമ്മിറ്റിയംഗവും ബേബി ജോണ്‍ മെമ്മോറിയല്‍ കോളജിലെ എസ്എഫ്‌ഐ നേതാവുമായിരുന്ന മുഹമ്മദ് ഹനീമിനെതിരേയാണ് പോലിസുകാര്‍ അസഭ്യവര്‍ഷവും ഫോണില്‍ ഭീഷണിയും നടത്തിയത്. മിഗുവെല്‍ ജയിംസിന്റെ 'പോലിസിനെതിരേ' എന്ന കവിതയാണ് ഹനീന്‍ വാളില്‍ പ്രസിദ്ധീകരിച്ചത്. പോസ്റ്റ് ഇട്ടശേഷം മോശം കമന്റുകള്‍ ഇടുന്നത് കൂടാതെ, ഫോണില്‍ വിളിച്ച് കള്ളക്കേസില്‍ കുടുക്കുമെന്നും പോലിസുകാര്‍ ഭീഷണി മുഴക്കിയെന്ന് ഹനീം പറയുന്നു.
കേരള പോലിസില്‍ ജോലി ചെയ്യുന്നുവെന്നു വ്യക്തമാക്കുന്ന പ്രൊഫൈലുകളില്‍ നിന്നു തന്നെയാണ് ഹനീനെതിരേ സൈബറാക്രമണം നടത്തുന്നത്. പ്രശസ്ത സേവനത്തിന് കേരളാ മുഖ്യമന്ത്രിയുടെ പോലിസ് മെഡല്‍ നേടിയെന്നു പ്രൊഫൈലില്‍ വ്യക്തമാക്കുന്ന പോലിസുദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്.
ഫേസ്ബുക്കിലും ഫോണിലും കൂടാതെ, വാട്‌സ് ആപ്പിലും ഭീഷണി മുഴക്കുന്നുണ്ടെന്നു ഹനീം പറയുന്നു. കവിതയുടെ ആദ്യഭാഗം താഴെ:
പോലിസിനെതിരേ

എന്റെ കലാജീവിതം മുഴുവന്‍
പോലിസിനെതിരേയാണ്
ഞാനൊരു പ്രണയ കവിതയെഴുതുമ്പോള്‍
അത് പോലിസിനെതിരേയാണ്
ഞാന്‍ ഉടലുകളുടെ നഗ്‌നതയെപ്പറ്റി
പാടുമ്പോള്‍
അത് പോലിസിനെതിരേയാണ്...

RELATED STORIES

Share it
Top