കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം : മാതാവിനെയും ഭാര്യയെയും അസഭ്യം പറഞ്ഞതിനാലെന്ന് പ്രതിയുടെ മൊഴികുമ്പള: കുമ്പള പേരാലില്‍ യുവാവിനെ കഴുത്തറുത്ത് കൊന്നത് ഭാര്യയേയും മാതാവിനേയും അസഭ്യം പറഞ്ഞതിനാലെന്ന് മുഖ്യപ്രതി പോലിസില്‍ മൊഴി നല്‍കി. പേരാലിലെ അബ്ദുല്‍ സലാമി(32)നെയാണ് കഴിഞ്ഞ 30ന് ഉച്ചയ്ക്ക് കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം തലയും ഉടലും വേറെ വേറെ ഉപേക്ഷിച്ചത്. കേസില്‍ കഴിഞ്ഞ ദിവസം പോലിസില്‍ കീഴടങ്ങിയ മുഖ്യപ്രതി മാങ്ങാമുടി സിദ്ദീഖിനെ ചോദ്യം ചെയ്തപ്പോഴാണ് അസഭ്യം പറഞ്ഞതിന്റെ പ്രതികാരം തീര്‍ക്കാനാണ് കൊലപാതകം നടത്തിയതെന്ന് മൊഴി നല്‍കിയത്. സിദ്ദീഖ് അടക്കം ആറുപേരെ ഇന്നലെ കുമ്പള പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സിദ്ദീഖിനെ കൊലപാതകം നടന്ന സ്ഥലത്ത് കൊണ്ടുപോയി കുമ്പള സിഐയുടെ നേതൃത്വത്തില്‍ തെളിവെടുപ്പ് നടത്തി. പ്രതികള്‍ ഉപേക്ഷിച്ച ആയുധങ്ങളും കണ്ടെടുത്തു. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ പണം ചോദിച്ച് സിദ്ദീഖിന്റെ വീട്ടില്‍ കയറി ഭീഷണി മുഴക്കിയ അബ്ദുല്‍ സലാമും സംഘവും ഓട്ടോ റിക്ഷയില്‍ തിരിച്ചുപോകുന്നതിനിടെ പോലിസ് പിടിയിലായിരുന്നു. എന്നാല്‍ പരാതിയില്ലാത്തതിനാല്‍ ഇവരെ വിട്ടയക്കുകയായിരുന്നു. ഉച്ചയ്ക്ക് രണ്ടോടെ സ്‌റ്റേഷനില്‍ നിന്ന് പോകുന്ന വഴിയിലാണ് പ്രതികള്‍ സലാമിനേയും സംഘത്തേയും പേരാല്‍ കോട്ടയിലേക്ക് വിളിച്ചുകൊണ്ടുപോയത്. ഇവിടെ വച്ചാണ് കൃത്യം നടത്തിയത്. മണല്‍ മാഫിയയുമായി ബന്ധപ്പെട്ട കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലിസ് പറയുന്നത്. അറസ്റ്റിലായ പ്രതികളില്‍ രണ്ട് പേര്‍ മുന്‍ കൊലക്കേസ് പ്രതികളാണ്. പ്രതികളെ കാസര്‍കോട് കോടതി റിമാന്റ് ചെയ്തു.

RELATED STORIES

Share it
Top