കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത എക്‌സൈസ് കേസുകളില്‍ വന്‍ വര്‍ധന

തിരുവനന്തപുരം: എക്‌സൈസ് വകുപ്പ് 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ വന്‍വര്‍ധന. കഴിഞ്ഞവര്‍ഷം 1,04,206 കേസുകളാണു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ 26,515 പേര്‍ അറസ്റ്റിലായതായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു. ഈ കാലയളവില്‍ എക്‌സൈസ് വകുപ്പ് 1,70,549 റെയ്ഡുകള്‍ നടത്തിയിരുന്നു. നാഷനല്‍ ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം എന്‍ഡിപിഎസ്, അബ്കാരി, കോട്പ നിയമങ്ങള്‍ ഒരേ പോലെ നടപ്പിലാക്കി ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഏക സംസ്ഥാനം കേരളമാണ്. പ്രസ്തുത കാലയളവില്‍ 6,366 എന്‍ഡിപിഎസ് കേസുകളിലായി 1470 കിലോഗ്രാം കഞ്ചാവും 649 കഞ്ചാവു ചെടികളും 10 കിലോഗ്രാം മയക്കുമരുന്നുകളും (ഹഷീഷ്, ചരസ്, ബ്രൗണ്‍ഷുഗര്‍ തുടങ്ങിയവ) 25188 ലഹരിഗുളികകളും 72 ഇന്‍ജക്ന്‍ ആംപ്ല്യൂളുകളുമാണു പിടിച്ചെടുത്തത്.  മാനസികവിഭ്രാന്തി ഉണ്ടാക്കുന്ന മാന്ത്രിക കൂണുകള്‍, കൊഡൈന്‍ അടങ്ങിയ സിറപ്പുകള്‍, ഡൈസെപാം അടങ്ങിയ ഗുളികകളും കൊക്കൈന്‍, എഡിഎംഎ (മെതലീന്‍ ഡയോക്‌സിമെതാം ഫെന്റാമൈന്‍) ഓയില്‍ രൂപത്തിലുള്ളതും ക്രിസ്റ്റല്‍ രൂപത്തിലുള്ളതും പിടിച്ചെടുത്ത മയക്കുമരുന്നുകളില്‍ പെടുന്നു. അബ്കാരി കുറ്റകൃത്യങ്ങളിലും ഈ കാലയളവില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. 23167 അബ്കാരി കേസുകളിലായി 8388 ലിറ്റര്‍ സ്പിരിറ്റ്, 10070 ലിറ്റര്‍ വ്യാജമദ്യം 5257 ലിറ്റര്‍ ചാരായം, 40299 ലിറ്റര്‍ വിദേശമദ്യം എന്നിവ കണ്ടെടുത്തു. വ്യാജമദ്യ നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന 2,49,965 ലിറ്റര്‍ കോടയാണ് ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ എക്‌സൈസ് വകുപ്പ് മാത്രം നശിപ്പിച്ചത്. കോട്പ പിഴയിനത്തില്‍ മാത്രം 1.46 കോടി രൂപ സര്‍ക്കാര്‍ ഖജനാവിലേക്ക് അടപ്പിക്കുന്നതിനും വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. 30 കോടിയോളം രൂപയുടെ കുഴല്‍പ്പണം പിടിച്ചെടുത്തു. നികുതി അടയ്ക്കാതെ കടത്തിക്കൊണ്ടു വന്ന 65 കിലോഗ്രാം സ്വര്‍ണം, 15 കിലോഗ്രാം വെള്ളി ആഭരണങ്ങള്‍ പിടിച്ചെടുത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. നികുതി വെട്ടിച്ച് ചെക് പോസ്റ്റുകളില്‍ കൂടി കടത്തിയ നാലു കോടിയോളം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

RELATED STORIES

Share it
Top