കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഡെങ്കി ബാധിച്ച് മരിച്ചത് 29 പേര്‍

കൊല്ലം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ ഡെങ്കിപ്പനി ബാധിച്ച് 29 പേര്‍ മരിച്ചതായി ആരോഗ്യ വകുപ്പ്. 7499 പേരാണ് രോഗ ലക്ഷണവുമായെത്തിയത്. ഇതില്‍ 2500 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. വൈറല്‍ പനി ബാധിച്ച് ഏഴുപേരും എച്ച് 1 എന്‍ 1 ബാധിച്ച് 16 പേരും ജില്ലയില്‍ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടു. പകര്‍ച്ചരോഗ വ്യാപനം തടയുന്നതിനുള്ള രോഗപ്രതിരോധ യജ്ഞത്തിന് ജില്ലയില്‍ ഇന്ന് തുടക്കമാകുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.വി വി ഷേര്‍ളി, ഡെപ്യൂട്ടി ഡിഎംഒ ഡോ. സന്ധ്യ, ജില്ലാ മാസ് മീഡിയ ഓഫിസര്‍ റമിയാബീഗം എന്നിവര്‍ അറിയിച്ചു. ജനുവരിയുടെ തുടക്കത്തില്‍ തന്നെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്ന വിധമാണ് ഇത്തവണ ക്രമീകരണങ്ങള്‍ ഒരുക്കുക. ചികില്‍സയില്‍ ആരോഗ്യവകുപ്പ് കേന്ദ്രീകരിക്കുമ്പോള്‍ ശുചീകരണവും കൊതുക് ഉറവിടങ്ങളുടെ നിര്‍മാര്‍ജനവും ബോധവല്‍ക്കരണവും ഉള്‍പ്പടെയുള്ളവ മറ്റെല്ലാ വകുപ്പുകളും ചേര്‍ന്ന് നിര്‍വഹിക്കുന്ന രീതിയാണ് പിന്തുടരുക. ബഹുജനപ്രസ്ഥാനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയാകും ഇത്തവണത്തെ ജാഗ്രതായജ്ഞം.   ഓരോ വകുപ്പിനും പ്രത്യേകം ചുമതല നല്‍കിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. വരള്‍ച്ച മുന്നില്‍ക്കണ്ട് വിദ്യാലയങ്ങളിലടക്കം കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും അനുബന്ധമായി നടക്കും. വര്‍ഷം മുഴുവന്‍ നീളുന്ന കര്‍മപദ്ധതിക്കാണ് യജ്ഞം ലക്ഷ്യമിടുന്നത്.ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരേയുള്ള ആരോഗ്യ ജാഗ്രതയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ നിര്‍വഹിക്കും. മേയര്‍ വി രാജേന്ദ്രബാബു അധ്യക്ഷത വഹിക്കും.

RELATED STORIES

Share it
Top