കഴിഞ്ഞ വര്‍ഷം കത്തിനശിച്ചത് 7,858 ഏക്കര്‍ വനഭൂമി

നിഷാദ്  എം  ബഷീര്‍

കോട്ടയം: കാട്ടുതീയെ തുടര്‍ന്ന് സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം നശിച്ചത് 7,858.395 ഏക്കര്‍ വനഭൂമിയെന്ന് സര്‍ക്കാര്‍ രേഖകള്‍. കാട്ടുതീ മൂലം 2,49,258 രൂപയുടെ സാമ്പത്തിക നഷ്ടമാണു സംഭവിച്ചത്. ഹൈറേഞ്ച് സര്‍ക്കിളും ഫീല്‍ഡ് ഡയറക്ടര്‍, പ്രൊജക്റ്റ് ടൈഗര്‍ മേഖലകളും ഉള്‍പ്പെടുന്ന കോട്ടയത്താണ് കാട്ടുതീ ഏറ്റവും കൂടുതല്‍ നാശംവിതച്ചത്.
കോട്ടയം ഹൈറേഞ്ച് സര്‍ക്കിളില്‍ 1,740.807 ഏക്കറും ഫീ ല്‍ഡ് ഡയറക്ടര്‍, പ്രൊജക്റ്റ് ടൈഗര്‍ തുടങ്ങിയ മേഖലകളില്‍ 1,047.034 ഏക്കറും ഉള്‍പ്പെടെ 2,787.842 ഏക്കര്‍ വനഭൂമി ഇക്കാലയളവില്‍ കത്തിനശിച്ചതായാണു കണക്കുകള്‍. 1,770. 485 ഏക്കര്‍ വനഭൂമി അഗ്നിക്കിരയായ ഈസ്റ്റേണ്‍ സര്‍ക്കിളും വൈല്‍ഡ് ലൈഫ് മേഖലയുമടങ്ങുന്ന പാലക്കാടാണ് തൊട്ടുപിന്നില്‍. പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളിലെ 1305.334 ഏക്കറും വൈല്‍ഡ് ലൈഫിലെ 465.151 ഏക്കറും കത്തിയമര്‍ന്നതില്‍പ്പെടുന്നു. തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളിനു കീഴിലുള്ള 1,465.829 ഏക്കര്‍ വനഭൂമിയാണ് കാട്ടുതീ വിഴുങ്ങിയത്. കൊല്ലം സര്‍ക്കിളില്‍ 1062.454 ഏക്കറും കണ്ണൂര്‍ നോര്‍തേണ്‍ സര്‍ക്കിളില്‍ 696.886 ഏക്കറും തിരുവനന്തപുരം അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കിലെ 74.897 ഏക്കര്‍ വനഭൂമിയും കാട്ടുതീയില്‍ എരിഞ്ഞമര്‍ന്നിട്ടുണ്ട്. 2017 മാര്‍ച്ചില്‍ പുറത്തുവന്ന കണക്കുകള്‍ പരിശോധിക്കുമ്പോഴാണ് സംസ്ഥാനത്തെ വനമേഖലയില്‍ വന്‍തോതില്‍ കാട്ടുതീ നാശംവിതച്ചതായി വ്യക്തമാവുന്നത്.
കാട്ടുതീ നാശനഷ്ടം സംബന്ധിച്ച അന്തിമ കണക്കുകള്‍ വനംവകുപ്പ് ക്രോഡീകരിച്ചുവരുകയാണ്. ഇതുകൂടി പുറത്തുവരുമ്പോള്‍ മാത്രമേ കാട്ടുതീ വനമേഖലയില്‍ താണ്ഡവമാടിയതിന്റെ ഭീകരത എത്രത്തോളമാണെന്നു പറയാന്‍ കഴിയൂ. കടുത്ത വേനലിനെ തുടര്‍ന്ന് സ്വാഭാവികമായുണ്ടാവുന്ന കാട്ടുതീക്കു പുറമേ മനുഷ്യ ഇടപെടലും കാട്ടുതീക്ക് കാരണമായിട്ടുണ്ടെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴാണ് ഇത്രയധികം വനമേഖല അഗ്‌നിക്കിരയായിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സംരക്ഷിത വനമേഖലകളില്‍പ്പോലും കാട്ടുതീ പടരുന്നുണ്ടെന്നാണ് കണക്കുകള്‍. തീ പടരാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വേനലിനു മുമ്പ് കുറ്റിക്കാടുകളും പുല്ലുകളും ചെത്തി ഫയര്‍ലൈന്‍ തയ്യാറാക്കിയാണ് ശാസ്ത്രീയമായ രീതിയില്‍ കാട്ടുതീ പ്രതിരോധിക്കുന്നത്. ഇതൊന്നും ഫലപ്രദമായി നടക്കുന്നില്ലെന്നതിന്റെ തെളിവാണ് കാട്ടുതീ വ്യാപനം. അതേസമയം, സംസ്ഥാനത്തെ വനമേഖലയിലെ കാട്ടുതീ തടയുന്നതിനായി 2,638 ജീവനക്കാരെ താല്‍ക്കാലികമായി നിയമിച്ചതായി വനംവകുപ്പ് വ്യക്തമാക്കി.
കൊല്ലം സതേണ്‍ സര്‍ക്കിള്‍- 654, കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍- 318, തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിള്‍- 259, പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിള്‍- 245, കണ്ണൂര്‍- നോര്‍തേണ്‍ സര്‍ക്കിള്‍- 538, പാലക്കാട് ഫീല്‍ഡ് ഡയറക്ടര്‍, (വൈല്‍ഡ് ലൈഫ്)- 348, കോട്ടയം ഫീല്‍ഡ് ഡയറക്ടര്‍ (പെരിയാര്‍ ടൈഗര്‍ റിസര്‍വ്)- 216, തിരുവനന്തപുരം അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക്- 60 എന്നിങ്ങനെയാണു ജീവനക്കാരെ നിയമിച്ചിരിക്കുന്നത്.
കാട്ടുതീ വ്യാപകമായ നാശംവിതയ്ക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വനപാലകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ വിശദീകരിക്കുന്നു. വനമേഖലയിലുണ്ടാവുന്ന കാട്ടുതീയെക്കുറിച്ച് ബന്ധപ്പെട്ട വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിക്കുന്നതിന് ഡെറാഡൂണ്‍ ആസ്ഥാനമായ ഫോറസ്റ്റ് സര്‍വേ ഓഫ് ഇന്ത്യ ഉപഗ്രഹ സഹായത്തോടെയുള്ള ഫോറസ്റ്റ് ഫയര്‍ അലര്‍ട്ട് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനതലത്തില്‍ വനംവകുപ്പ് ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഫയര്‍ മോണിറ്ററിങ് സെല്‍ ആണ് അഗ്നി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്.

RELATED STORIES

Share it
Top