കഴക്കുട്ടത്തെ എടിഎം കവര്‍ച്ച : പ്രതികളെക്കുറിച്ച് സൂചനയില്ല ; അന്വേഷണം ഊര്‍ജിതമെന്ന് പോലിസ്‌കഴക്കൂട്ടം: കഴക്കൂട്ടം അമ്പലത്തില്‍കരയിലുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎം മെഷീന്‍ തകര്‍ത്ത് 10.18 ലക്ഷം കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. പ്രതികളെക്കുറിച്ച് ഇനിയും കാര്യമായ വിവരം ലഭിച്ചിട്ടില്ല. എടിഎമ്മിലെ കാമറ പ്രവര്‍ത്തനരഹിതമായിരുന്നതും തിരിച്ചടിയായി.  സംഭവസ്ഥലത്തുനിന്നു ലഭിച്ച വിരലടയാളങ്ങള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പരിശോധനയ്ക്കായി കൊണ്ടുവന്ന ഡോഗ്‌സ്‌ക്വാഡിലെ നായ എടിഎമ്മില്‍ നിന്ന് ഏതാണ്ട് 100 മീറ്റര്‍ അപ്പുറത്തുള്ള ഇടവഴിവരെ പോയി തിരികെ പോന്നു. മോഷ്ടാക്കള്‍ ഇവിടെ വാഹനം ഒതുക്കിയിട്ടശേഷമാകാം ഗ്യാസ് കട്ടറുമായി എടിഎമ്മിനുള്ളില്‍ കയറിയതെന്നാണ് പോലിസിന്റെ നിഗമനം. ആഴ്ചകള്‍ക്കു മുമ്പ് കാര്യവട്ടത്ത് കഴക്കൂട്ടം പോലിസ് സ്ഥാപിച്ച സിസി കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചുവരുന്നുണ്ട്. മോഷണം നടന്ന രാത്രിയില്‍ കടന്നുപോയ വാഹനങ്ങള്‍ കഴക്കൂട്ടം സൈബര്‍ സിറ്റി പോലിസ് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്. വളരെ ആസൂത്രിതമായിട്ടാണ് കവര്‍ച്ച നടത്തിയതെന്നാണ് പോലിസ് ഭാഷ്യം. ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ചെങ്ങന്നൂരില്‍ ഇതേ രീതിയില്‍ മൂന്നേകാല്‍ലക്ഷം രൂപ മോഷ്ടിച്ചിരുന്നു. രണ്ടിടത്തെയും എടിഎം മെഷീനുകള്‍ പഴയതാണ്. ചെങ്ങന്നൂരില്‍ നടന്ന കവര്‍ച്ചയില്‍ ആദ്യമേ തന്നെ ഇതരസംസ്ഥാന മോഷ്ടാക്കളെ ചുറ്റിപ്പറ്റിയായിരുന്നു അന്വേഷണം. കഴക്കൂട്ടത്തെ എടിഎം കവര്‍ച്ചയ്ക്കു പിന്നിലും ഇതരസംസ്ഥാന സംഘങ്ങളാണെന്ന നിഗമനത്തിലാണ് പോലിസ്. തിരുവനന്തപുരം സിറ്റി കമ്മീഷണര്‍ സ്പര്‍ജന്‍കുമാര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ അരുള്‍ വി കൃഷ്ണ, കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് അസി. കമ്മീഷണര്‍ എ പ്രമോദ്കുമാര്‍, സിഐ അജയകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ സിറ്റി ഷാഡോ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top