കള്ളുഷാപ്പ് അടച്ചുപൂട്ടും വരെ സമരം തുടരുമെന്ന് നാട്ടുകാര്‍

പട്ടാമ്പി: പട്ടാമ്പി നഗരപരിധിയില്‍ രണ്ടാഴ്ച മുമ്പ് തുറന്ന പറക്കാട് കോളനിപ്പടിയിലെ കള്ളുഷാപ്പിനെതിരെ നാട്ടുകാരുടെ സമരം തുടരുന്നു. മേല്‍മുറിയില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പാണ് അതീവ രഹസ്യമായി കൊപ്പം  മുതുതല റോഡില്‍ പറക്കാട് കോളനിപ്പടിയില്‍ സ്ഥാപിച്ചത്.
ചായക്കടയുടെ ലൈസന്‍സ് സമ്പാദിച്ച് തുറന്ന കള്ളുഷാപ്പ് അനധികൃതമാണെന്ന് ആരോപിച്ചാണു സമരം. ബാലവാടിയും പട്ടികജാതി കോളനിയുമുള്ള പ്രദേശത്തു കള്ളുഷാപ്പ് തുറക്കരുതെന്ന് ആവശ്യപ്പെട്ട് അന്നു തന്നെ നാട്ടുകാരുടെ പ്രതിഷേധ പന്തലും കള്ളുഷാപ്പിനു മുന്നില്‍ ഉയര്‍ന്നു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ സമരപ്പന്തലിലേക്കു മാര്‍ച്ച് നടത്തി. സ്ഥാപനം പൂട്ടുന്നതുവരെ സമരം തുടരുമെന്നു സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.
ഷാപ്പ് ഉപരോധം, ധര്‍ണ, പട്ടാമ്പി  കൊപ്പം റോഡ് വഴി തടയല്‍, തുടങ്ങിയ സമര പരിപാടികള്‍ നടന്നിട്ടും ബന്ധപ്പെട്ടവര്‍ അനങ്ങിയിട്ടില്ല.
പട്ടാമ്പി നഗര ഭരണ സാരഥികളും ബ്ലോക്ക് പഞ്ചായത്ത് ഭരണസാരഥികളും മദ്യവിരുദ്ധ സമിതിയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്.

RELATED STORIES

Share it
Top