കള്ളുഷാപ്പുകളെ ഒഴിവാക്കുന്നതില്‍ എതിര്‍പ്പില്ല:സംസ്ഥാന സര്‍ക്കാര്‍

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യവില്‍പന തടഞ്ഞുകൊണ്ടുള്ള ഉത്തരവില്‍ നിന്നു കള്ളുഷാപ്പുകളെ ഒഴിവാക്കുന്നതില്‍ എതിര്‍പ്പില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചു.കേരള അബ്കാരി നിയമത്തിലെ ചട്ടം 3(13) പ്രകാരം നാടന്‍ മദ്യത്തിന്റെ പരിധിയില്‍ വരാത്ത മദ്യത്തെ മാത്രമെ വിദേശമദ്യമായി കണക്കാക്കാനാവൂ. അതിനാല്‍, കള്ള് വിദേശമദ്യമല്ല. അബ്കാരി നിയമത്തിലെ 3(12) പ്രകാരം കള്ളും ചാരായവും നാടന്‍ മദ്യത്തിന്റെ പട്ടികയിലാണ്. നിലവില്‍ കേരളത്തില്‍ ചാരായമില്ല. കള്ള് മാത്രമാണ് നാടന്‍ മദ്യമായിട്ടുള്ളതെന്നും കേരള സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.  എന്നാല്‍, കള്ളിനോ മദ്യത്തിനോ നിരോധനമല്ല നിയന്ത്രണമാണ് കോടതി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ ബെഞ്ച് വ്യക്തമാക്കി. നിയന്ത്രണം ഏര്‍പ്പെടുത്തിയത് തൊഴിലാളികളുടെ ഉപജീവനത്തെ എങ്ങനെ ബാധിക്കുമെന്നും ബെഞ്ച് ആരാഞ്ഞു. പാതയോരത്തെ മദ്യവില്‍പന നിരോധിച്ചതിനു ശേഷം കേരളത്തിലെ പാതയോരത്തെ മദ്യവില്‍പനശാലകള്‍ക്ക് എന്ത് സംഭവിച്ചെന്നും കോടതി ആരാഞ്ഞു. പാതയോരത്തെ മിക്ക മദ്യവില്‍പനശാലകളും മാറ്റിസ്ഥാപിച്ചുവെന്നാണ് ഇതിന് കേരളത്തിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ മറുപടി നല്‍കിയത്. ഇതേത്തുടര്‍ന്ന്, ദേശീയ സംസ്ഥാന പാതയോരത്തെ കള്ളുഷാപ്പുകള്‍ മാറ്റിസ്ഥാപിക്കാന്‍ കഴിയുമോ എന്നു കോടതി ആരാഞ്ഞു. മാറ്റിസ്ഥാപിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ വ്യക്തമാക്കണമെന്നും കോടതി അറിയിച്ചു.

RELATED STORIES

Share it
Top