കള്ളുഷാപ്പില്‍ വാക്കുതര്‍ക്കം; സുഹൃത്തിനെ കുത്തിയ പ്രതി പിടിയില്‍

കയ്പമംഗലം: കള്ളുഷാപ്പില്‍ വച്ച് വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തിനെ കുത്തിയ പ്രതി പിടിയിലായി. ഓണച്ചമ്മാവ് ഇറ്റി കോളനിയില്‍ കാതിക്കൂടത്ത് നാരായണന്‍ മകന്‍ ബാബു എന്ന കണ്ടന്‍ ബാബുവിനെയാണ് (40) എസ്‌ഐ വി ശശികുമാര്‍ അറസ്റ്റു ചെയ്തത്.
ഇയാളുടെ സുഹൃത്ത് എസ്എന്‍ പുരത്ത് തട്ടുകട നടത്തുന്ന സബിത്ത് കുമാറിനാണ് കുത്തേറ്റത്. ഇയാള്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. മദ്യലഹരിയില്‍ ആദ്യം പരസ്പര വിരുദ്ധമായാണ് പ്രതി സംസാരിച്ചത്. സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചാണ് കുത്തിയത് എന്നു പറഞ്ഞ ഇയാള്‍ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫേമസ് വര്‍ഗ്ഗീസ്, ഇന്‍സ്‌പെക്ടര്‍ പി. സി.ബിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യലില്‍ തട്ടുകടയില്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് കുത്തിയതെന്ന് സമ്മതിച്ചു.
സംഭവ സ്ഥലത്തു നിന്നും കുറച്ചു മാറി റോഡരികിലെ കുറ്റിക്കാട്ടില്‍ നിന്ന് കുത്താനുപയോഗിച്ച കത്തി കണ്ടെടുത്തു. സബിത്തിന്റെ തട്ടുകടയില്‍ സഹായിയായി നില്‍ക്കുന്ന പ്രതി സബിത്തിന്റെ ബൈക്ക് എടുത്ത് മറ്റൊരു സുഹൃത്തിനൊപ്പം മദ്യപിക്കാന്‍ പോയി തിരിച്ചെത്താന്‍ വൈകിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
വയറ്റില്‍ രണ്ടു കുത്തേറ്റു വീണ സബിത്തിനെ മറ്റൊരാള്‍ ബൈക്കിലിരുത്തി പോലിസ് സ്റ്റേഷനിലെത്തിച്ചു. പോലിസാണ് ഉടന്‍ തന്നെ ജീപ്പില്‍ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുത്തിയ ശേഷം വീട്ടിലേക്കോടിയ പ്രതി ഒരു കാറിന്റെ ശബ്ദം കേട്ട് കത്തി റോഡരികിലുള്ള കുറ്റിക്കാട്ടിലിട്ട് അടുത്ത പറമ്പില്‍ ഒളിച്ചിരുന്നു. കുറച്ചു കഴിഞ്ഞ് അവിടന്ന് പോകുന്നതിനിടെയാണ് പേെട്രാളിംഗ് സംഘത്തിന്റെ കയ്യില്‍പെട്ടത്. സബിത്തിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

RELATED STORIES

Share it
Top