കള്ളുഷാപ്പിനെതിരായ സമരം മൂന്നാംനാളിലേക്ക്മാനന്തവാടി: മാനന്തവാടി നാലാംമൈല്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് പായോട് കണ്ഠകര്‍ണന്‍ റോഡിലെ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തനം തുടങ്ങുന്നതിനെതിരെയുള്ള പ്രദേശവാസികളുടെ സമരം മുന്നാം ദിവസം പിന്നിട്ടു. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെയും കള്ള് അളക്കുന്നത് തടസ്സപ്പെട്ടു. ഞായറാഴ്ച രാവിലെ കള്ളുഷാപ്പ് തുറന്നപ്പോഴാണ് പ്രതിഷേധവുമായി നാട്ടുകാര്‍ എത്തിയത്. ഇതുമായി ബന്ധപ്പെട്ട് കള്ള് അളക്കുന്നവരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കള്ളുഷാപ്പ് തുടങ്ങുന്നതെന്നും കള്ള് ഷാപ്പ് അടച്ച് പൂട്ടുന്നതു വരെ സമരം തുടരുമെന്നും പ്രദേശവാസികള്‍ പറഞ്ഞു. വയല്‍ പ്രദേശം മണ്ണിട്ടു നികത്തിയാണ് കള്ളുഷാപ്പ് തുടങ്ങുന്നതിനായി താത്കാലിക കെട്ടിടം നിര്‍മിച്ചത്. പ്രദേശത്തെ പുഴയ്ക്കു സമീപത്താണ് കള്ളുഷാപ്പ് തുടങ്ങാന്‍ ശ്രമിക്കുന്നത്. ഇത് ഭാവിയില്‍ വലിയ ദുരന്തങ്ങള്‍ക്കും സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ വഴി തെറ്റുന്നതിനും കാരണമാവുമെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കള്ളുഷാപ്പ് തുടങ്ങിയതെന്ന് ഷാപ്പ് അധികൃതര്‍ വ്യക്തിമാക്കി. കെട്ടിടത്തിനു എടവക പഞ്ചായത്തില്‍ നിന്നും നമ്പര്‍ ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. കള്ള് ഷാപ്പ് വിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിരിക്കുന്ന സമരത്തിന് കെ വി ഷാജു, വി കെ ബാലചാന്ദ്രന്‍, എല്‍സി മാത്യു, കെ പി ബേബി, എലിയാമ്മ ജോണ്‍ നേതൃത്വം നല്‍കി.

RELATED STORIES

Share it
Top