കള്ളനോട്ടുമായി അറസ്റ്റില്‍: അന്വേഷണത്തിന് എന്‍ഐഎയും ക്രൈംബ്രാഞ്ചും

കോതമംഗലം: കോതമംഗലത്ത് തലക്കോട് ചെക്‌പോസ്റ്റില്‍ കള്ളനോട്ടുമായി വന്ന രണ്ട് യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കഴിഞ്ഞദിവസം അറസ്റ്റിലായ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ സംഘവും ക്രൈംബ്രാഞ്ചും എത്തി. തലക്കോട് ചെക് പോസ്റ്റില്‍ ഏഴര ലക്ഷം രൂപയ്‌ക്കൊപ്പം 2000ത്തിന്റെ 11 കള്ളനോട്ടുകളുമായി അറസ്റ്റിലായ കേസില്‍ എന്‍ഐഎയും ക്രൈംബ്രാഞ്ചും പ്രാഥമികാന്വേഷണം നടത്താനാണ് ഊന്നുകല്‍ സ്‌റ്റേഷനില്‍ എത്തിയത്. ബംഗാള്‍ സ്വദേശികളും സഹോദരിമാരുമായ സുഹാന ശെയ്ഖ് (27), സാഹിം കാത്തൂന്‍(24), പൊന്‍കുന്നം സ്വദേശി മാളിയേക്കല്‍ അനൂപ് വര്‍ഗീസ് എന്നിവരാണു മൂന്നാറില്‍ നിന്ന് കാറില്‍ വരുമ്പോള്‍ തലക്കോട് ചെക്‌പോസ്റ്റില്‍ വച്ച് പിടിയിലായത്. എന്‍ ഐ എ ഇന്‍സ്‌പെക്ടര്‍ സജിമോന്‍, ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതികളെ ചോദ്യംചെയ്ത് തെളിവുകള്‍ ശേഖരിച്ചു. തുടര്‍ന്ന് നാര്‍ക്കോട്ടിക് എ എസ്പി സുജിത് ദാസ് ഐപിഎസ് ഊന്നുകല്‍ സ്‌റ്റേഷനില്‍ എത്തി അന്വേഷണത്തിന് നേതൃത്വംനല്‍കി. വൈകീട്ടോടെ കോതമംഗലം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top